വെള്ളമുണ്ട: മത വിശ്വാസവും മതത്തേയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. അതിന്റെ മുന്നോടിയായാണ് കേന്ദ്ര സർക്കാർ വഖഫ് ബോർഡ് ഏറ്റെടുക്കാനും മദ്രസകൾ നിർത്തലാക്കാനുമുള്ള നീക്കങ്ങൾ നടത്തുന്നത്. വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് തളിർ ഏകദിന നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ മതമില്ലാത്ത ഒരു സിദ്ധാന്തം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പാഠ പുസ്തകങ്ങളിലൂടെ മതമില്ലെന്ന വിഷയങ്ങൾ ഉൾപ്പെടുത്തി സ്രഷ്ട്രാവ് ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
പിന്നാക്ക സമുദായങ്ങൾക്കെതിരെ ബി.ജെ.പി.യും, സി.പി.എമ്മും ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ പോരാടുകയാണ് ലക്ഷ്യമെന്നും ഇപ്പോൾ തമ്മിൽ തമ്മിൽ ഏറ്റുമുട്ടാനുള്ള വേദികൾ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പി.സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, സെക്രട്ടറിമാരായ കെ.ഹാരിസ്, സി.കുഞ്ഞബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ വള്ളിയാട്ട് അബ്ദുല്ലഹാജി, എൻ.നിസാർ അഹമ്മദ് ഹാജി, മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌തു ഹാജി, സെക്രട്ടറി കെ.സി.അസീസ്, ഭാരവാഹികളായ കെ.ഇബ്രാഹിം ഹാജി, കടവത്ത് മുഹമ്മദ്, കൊച്ചി ഹമീദ്, ഡി.അബ്ദുള്ള, പി.കെ.അബ്ദുൽ അസീസ്, തുടങ്ങിയവർ നേതൃത്വം നൽകി.