തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 57,120 രൂപയാണ്. ഗ്രാമിന് 45 കൂടി 7140 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 76,385 രൂപയാണ്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വില 2700 ഡോളർ കടന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നത്.
ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇന്ന് 84.04 ആണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണനിക്ഷേപം കൂടുന്നതാണ് വില ഉയരാനുള്ള കാരണങ്ങൾ. റെക്കോർഡ് വിലയിൽ എത്തിയതോടെ ഇന്ന് ഒരു പവന് സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും, മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജുകളും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62000 രൂപ നൽകേണ്ടി വരും.