മേപ്പാടി: ലോക അനാട്ടമി ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ അനാട്ടമി വിഭാഗം നടത്തുന്ന സൗജന്യ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 16 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാൽമുട്ടുകൾ, ഹൃദയത്തിന്റെ ഉൾവശം, കരളും പിത്തസഞ്ചിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടൽ, വൻകുടൽ, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോർ, സുഷുമ്ന, തലയോട്ടിയും താടിയെല്ലും, ചെവിക്കുള്ളിലെ അസ്ഥികൾ, തുടയെല്ല്, കാൽമുട്ടിലെ ചിരട്ടകൾ, അസ്ഥികൂടങ്ങൾ, വിവിധ വളർച്ചാ ഘട്ടങ്ങളിലുള്ള ഗർഭസ്ഥ ശിശുക്കൾ, മെഡിക്കൽ പഠനത്തിനായി ഉപയോഗിക്കുന്ന മനുഷ്യ ശരീരങ്ങളും അവ സൂക്ഷിച്ചിരിക്കുന്ന ഡിസെക്ഷൻ ഹാളും അസ്ഥികൂടങ്ങളോടൊപ്പമുള്ള സെൽഫി കോർണറും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിജ്ഞാനപ്രദവും അതിലുപരി ആശ്ചര്യമുളവാക്കുന്നതുമായ പ്രദർശനം തികച്ചും സൗജന്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഡീൻ പ്രൊ. ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, അനാട്ടമി വിഭാഗം മേധാവി പ്രൊ. ഡോ. ശിവശ്രീരംഗ എന്നിവർ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 8111881255 ൽ വിളിക്കാവുന്നതാണ്.