കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്ത ബാധിതര്‍ ജനശബ്ദം ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. പുനരധിവാസ നടപടികള്‍ ത്വരിതപ്പെടുത്തുക, പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, അര്‍ഹതയുള്ള മുഴുവന്‍ കുടുംബങ്ങളെയും പുനരധിവാസ പദ്ധതി ഗുണഭോക്താക്കളാക്കുക, മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിയന്തര സഹായവും നിത്യവൃത്തിക്കുള്ള തുകയും എല്ലാ ദുരന്ത ബാധിത കുടുംബങ്ങള്‍ക്കും ലഭ്യമാക്കുക, ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുക, മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ളവരുടെ മുഴുവന്‍ വായ്പകളും എഴുതിത്തള്ളുക, പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ കെട്ടിടം ഉടമകളെ ദുരന്തബാധിതരായി പ്രഖ്യാപിച്ച് സഹായം ലഭ്യമാക്കുക, ജോലി നഷ്ടമായ ചുമട്ടുതൊഴിലാളികളെ മറ്റിടങ്ങളില്‍ വിന്യസിക്കുക, നിലവില്‍ ചൂരല്‍മലയില്‍ താമസിക്കുന്നവര്‍ക്ക് മതിയായ ചികിത്സാസൗകര്യം ലഭ്യമാക്കുക, ഡോ.ജോണ്‍ മത്തായി കമ്മിറ്റി റിപ്പോര്‍ട്ട് തളളുക, പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ പ്രകൃതിദുരന്ത സാധ്യത മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കുക, സമിതി തയാറാക്കുന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുക, സ്ഥിരം പുനരധിവാസം വരെ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് വീട്ടുവാടകയും നിത്യവൃത്തി ചെലവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
രാവിലെ 10ന് ആരംഭിച്ച ധര്‍ണ ഉച്ചയ്ക്കാണ് സമാപിച്ചത്. ദുരന്തബാധിതരുടെ പ്രതിനിധികളായി 50 പേര്‍ പങ്കെടുത്തു. കര്‍മസമിതി ചെയര്‍മാന്‍ നസീര്‍ ആലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. അണ്ണയ്യന്‍ ചൂരല്‍മല, ജിജിഷ് മുണ്ടക്കൈ, ഉസ്മാന്‍ മുണ്ടക്കൈ, നൗഫല്‍ മുണ്ടക്കൈ തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍മ സമിതി കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മല സ്വാഗതവും രാജേന്ദ്രന്‍ ചൂരല്‍മല നന്ദിയും പറഞ്ഞു.