മലപ്പുറം: വിദേശ നിർമിത ആഡംബര ബൈക്ക് ഗണത്തിൽപ്പെട്ട സ്ലിങ് ഷോട്ട് വാഹനം മലപ്പുറത്ത്. പ്രവാസി ബിസിനസുകാരായ ഊരകം സ്വദേശി കുണ്ടോടൻ ജലീൽ, കോൽമണ്ണ സ്വദേശി സതീഷ് പണ്ടാറപ്പെട്ടി എന്നിവരാണ് ഇവർ ജോലി ചെയ്യുന്ന ദുബൈയിൽനിന്ന് രണ്ട് അമേരിക്കൻ നിർമിത ബൈക്കുകൾ മലപ്പുറത്തെത്തിച്ചത്. ആറ് മാസമാണ് വാഹനം നിരത്തിലിറക്കാൻ അനുവാദം. തുടർന്ന് ബൈക്കുകൾ ദുബൈയിലേക്കുതന്നെ കൊണ്ടുപോകും. ഇന്ത്യൻ മാർക്കറ്റിൽ 40 ലക്ഷത്തിന് മുകളിൽ വില വരുന്ന ബൈക്കിന് 180 കിലോമീറ്റർ വേഗത്തിൽ വരെ ഓടിക്കാം. ഒരു ലിറ്റർ ഇന്ധനത്തിന് 12 മുതൽ 13 വരെ കിലോമീറ്റർ സഞ്ചരിക്കാം. 2,400 സി.സി ശേഷിയുണ്ട്. സാധാരണ ബൈക്കിൽനിന്ന് മാറി രണ്ടെണ്ണത്തിന് പകരം മൂന്ന് ചക്രങ്ങളാണ്. ഹെൽമറ്റ് ഇതിന് ആവശ്യമില്ല. പകരം സീറ്റ് ബെൽറ്റാണ് ഉപയോഗിക്കുന്നത്.
കൂടാതെ ഗിയർ ഉപയോഗം കാറിലേതുപോലെത്തന്നെ. ഫോട്ടോ എടുക്കുന്നതിനും വിശേഷങ്ങൾ തേടുന്നതിനുമായി ജലീലിന്റെയും സതീഷിന്റെയും അരികിൽ ഓടിയെത്തുകയാണ് ആളുകൾ.