കടമാൻതോട് -സർവ്വേ റിപ്പോർട്ട് പുറത്തുവിടണം; വ്യാപാരി വ്യവസായി ഏകോപന സമിതി

പുൽപ്പള്ളി: തലമുറകളായി വിയർപ്പൊഴുക്കി കെട്ടിപ്പടുത്ത വീടുകളും, കാർഷിക മേഖലകളും നശിച്ചു പോകുന്ന വിധത്തിൽ ഒരു പ്രദേശത്തെയാകെ കുടിയൊഴിപ്പിച്ചുകൊണ്ട്, പുൽപ്പള്ളി ടൗണിന്റെ വികസനത്തിന് വിഘാതമാകുന്ന രീതിയിലുള്ള വൻകിട ഡാം കടമാൻതോട്ടിൽ പണിയുന്നത് അഭികാമ്യമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് യോഗം വിലയിരുത്തി. ഡാമുമായി ബന്ധപ്പെട്ട് നിരവധിയായ ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴും സർവ്വേ ഫലം പുറത്തുവരുന്നത് കാത്ത് വ്യാപാരി സമൂഹം ഡാമുമായി ബന്ധപ്പെട്ട വിഷയങ്ങൾ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 28 മീറ്റർ ഉയരത്തിൽ വരുന്ന വൻകിട പദ്ധതി വളരെ ചെറിയ ഗ്രാമമായ പുൽപ്പള്ളിയെ നശിപ്പിക്കുന്ന രീതിയിലാണെന്ന് ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സർവ്വേ റിപ്പോർട്ടുകൾ പുറത്തുവിടാൻ അധികൃതർ തയ്യാറാവണം.

ഇനിയും ഊഹാപോഹങ്ങൾക്കിട കൊടുക്കാതെ കൃത്യമായ സർവ്വേ പ്ലാനുകളും സ്കെച്ചും ഉടൻ പ്രസിദ്ധീകരിച്ചു പൊതുജനഭിപ്രായം തേടേണ്ടതുണ്ട്. വ്യാപകമായ രീതിയിൽ കർഷകരെ കുടിയിറക്കിക്കൊണ്ട്, പുൽപ്പള്ളി ടൗണിലേക്ക് വരെ വെള്ളമെത്തുന്ന രീതിയിലുള്ള ഡാം ആണ് പണിയുന്നതെന്ന ആരോപണങ്ങൾ ഉയർന്നു വരുമ്പോളും അതിനെതിരെ ബന്ധപ്പെട്ടവർ കൃത്യമായ മറുപടി നൽകുന്നില്ല. കുടിവെള്ളക്ഷാമം പരിഹരിക്കാനും, ഭൂഗർഭജലത്തിന്റെ വർദ്ധനവിനുമായി തലക്കുളങ്ങളും, തടയണകളുമാണ് നമ്മുടെ പ്രദേശത്തിന് കൂടുതൽ അനുയോജ്യമാവുകയെന്ന് യോഗം വിലയിരുത്തി.

മൂന്നു പതിറ്റാണ്ടുകളായി പണിതു കൊണ്ടിരിക്കുന്ന കാരാപ്പുഴ ഡാമിന്റെ അവസ്ഥയെക്കുറിച്ച് ശക്തമായ പ്രതിഷേധങ്ങൾ ഉയരുമ്പോഴും, ഇക്കാര്യത്തിലും ഒരു സോഷ്യൽ ഓഡിറ്റ് ആവശ്യമാണെന്ന് പറയുന്നത് തികച്ചും ന്യായമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മാണമാരംഭിച്ച പദ്ധതി പൂർണമായി കമ്മീഷൻ ചെയ്യാൻ കഴിയാത്തതും സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. നിരവധിയായ ഗ്രാമപ്രദേശങ്ങളിലേക്ക് കനാൽ വഴിയോ,ലിഫ്റ്റ് ചെയ്തോ വെള്ളം എത്തിക്കാൻ കാരപ്പുഴക്ക് ശേഷി ഉള്ളത് ഉപയോഗപ്പെടുത്തണമെന്ന് പറയുന്നതും പരിശോധിക്കപ്പെടണം.

നിരവധിയായ സംശയങ്ങളും, അതിനോടനുബന്ധമായ ആരോപണങ്ങളും ശക്തമായി നിലനിൽക്കെ ഇവയെക്കുറിച്ച് ചിന്തിച്ച് സാധാരണക്കാരെ ബോധ്യപ്പെടുത്താതെ വൻകിട പദ്ധതിക്കായി തിരക്ക് കൂട്ടുന്നതിൽ ദുരൂഹത ആരോപിക്കുന്നത് തെറ്റാണെന്ന് പറയാൻ സാധിക്കുകയില്ലെന്നും യോഗം വിലയിരുത്തി.

പ്രസിഡണ്ട് മാത്യു മത്തായി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അജിമോൻ.കെ.എസ്. സ്വാഗതമാശംസിച്ചു. ശിവദാസ്, എം.കെ.ബേബി, സുനിൽ ജോർജ്, റഫീക്ക്.കെ. വി,ഹംസ, പൈലി.പി എം, ടോമി.പി.സി, ബാബു.സി.കെ, കെ ജോസഫ്, ജോസഫ്.പി.വി, പ്രഭാകരൻ, അജേഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *