നടവയല്‍: പാതിരി സൗത്ത് സെക്ഷന്‍ വനാതിര്‍ത്തിയില്‍ പുതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചെഞ്ചടിയില്‍ വിളവെടുക്കാനിരുന്ന നെല്‍ക്കൃഷി കാട്ടാനക്കുട്ടം നശിപ്പിച്ചു. ചെഞ്ചടി അനന്തകൃഷ്ണന്‍, എടക്കോട് നിര്‍മല എന്നിവരുടെ ഗന്ധകശാല അടക്കമുള്ള അരയേക്കറോളം നെല്‍ക്കൃഷിയാണു കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാനക്കുട്ടം ചവിട്ടിയും തിന്നും നശിപ്പിച്ചത്. വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതവേലി തകര്‍ത്ത് നെയ്ക്കുപ്പ പാത്രമൂല ഭാഗത്തുനിന്നു കാട്ടാന വയലില്‍ ഇറങ്ങിയത് കാവല്‍ക്കാര്‍ അറിയാത്തതാണ് ഇത്രയധികം നെല്ല് നശിക്കാന്‍ കാരണമെന്ന് കര്‍ഷകനായ അനന്തു പറഞ്ഞു. നെല്ല് വിളവെടുക്കാനിരിക്കെ കാട്ടാനക്കുട്ടമിറങ്ങി കൃഷി നശിപ്പിച്ചതു കര്‍ഷകരെ ആശങ്കയിലാക്കി. രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ ഭാഗത്ത് വീണ്ടും കാട്ടാന ശല്യം രൂക്ഷമായത്. പടക്കം പൊട്ടിച്ച് ഒടിക്കാന്‍ ശ്രമിച്ചിട്ടും കാട്ടാനക്കുട്ടം പോകാന്‍ കൂട്ടാക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് വനംവകുപ്പ് സ്ഥാപിച്ച കന്മതിലും തകര്‍ന്നു കിടക്കുന്ന വൈദ്യുത വേലിയും അറ്റകുറ്റപ്പണി നടത്താത്തതാണ് കാട്ടാനകള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.