ദുരന്തബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ വഞ്ചന: ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീർത്തു

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ വഞ്ചനയ്ക്കെതിരെ മേപ്പാടിയിൽ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീർത്തു. ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാനുള്ള പോരാട്ടത്തിൽ തോരാമഴയിലും നാട്‌ കൈകോർത്തു. ഉരുൾപൊട്ടി നാലു മാസം പിന്നിട്ടിട്ടും ദുരന്ത ബാധിതരുടെ പുനരധിവാസത്തിനു സഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ‘മോദി ഞങ്ങളും മനുഷ്യരാണ്‌’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ സഹായം നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള മനുഷ്യച്ചങ്ങലയിൽ ദുരന്തബാധിത കുടുംബങ്ങളടക്കം കണ്ണികളായി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, പ്രസിഡന്റ്‌ വി വസീഫ്‌, ജില്ലാ സെക്രട്ടറി കെ റഫീഖ്‌ എന്നിവർ കണ്ണികോർത്ത്‌ ആരംഭിച്ച ചങ്ങല മനുഷ്യമതിലായി.

ദുരന്തസമയത്ത്‌ ആശുപത്രിയിലെത്തി പ്രധാനമന്ത്രി താലോലിച്ച നൈസ മോളെ എടുത്താണ്‌ സനോജ്‌ കണ്ണിയായത്‌. സിപിഎം ജില്ലാ സെക്രട്ടറി പി ഗാഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ തുടങ്ങിയ നേതാക്കളും അണിനിരന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുസമ്മേളനം വി കെ സനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാർ കെ കെ സഹദ്‌ അധ്യക്ഷത വഹിച്ചു. വി വസീഫ്‌, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ കെ ആർ ജിതിൻ, സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു എന്നിവർ സംസാരിച്ചു. കെ റഫീഖ്‌ സ്വാഗതവും കൽപ്പറ്റ ബ്ലോക്ക്‌ സെക്രട്ടറി സി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *