പുൽപ്പള്ളി: ചീയമ്പം വണ്ടിക്കടവ് റൂട്ടിലെ അമ്പത്താറ് അങ്ങാടിയില്‍ ഗതാഗത തടസ്സമായി ഉപേക്ഷിച്ച കുഴല്‍ക്കിണറും വൈദ്യുതി പോസ്റ്റും. കപ്പേളയുടെ മുന്നില്‍ നോക്കുകുത്തിയായി മാറിയ ഇവയിലിടിച്ച് അപകടളുണ്ടാകുന്നത് തുടര്‍കഥയായിരിക്കുകയാണ്. അമ്പത്താറില്‍ നിന്നും ആടിക്കൊല്ലിയിലേക്ക് തിരിയുന്ന ഭാഗം കൂടിയാണിത്. പ്രധാനപാതയില്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കാണ് പാതയോടു ചേര്‍ന്നുള്ള തടസ്സങ്ങള്‍ ഭീഷണിയായത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മിച്ച കുഴല്‍ക്കിണര്‍ ഉപയോഗശൂന്യമായിട്ട് ഏറെക്കാലമായി. മരാമത്ത് വകുപ്പ് ഈ പാത വീതികൂട്ടി ടാര്‍ ചെയ്തപ്പോള്‍ കിണറും വൈദ്യുതക്കാലും റോഡിലായി.
തിരക്കുള്ള പാതയോരത്തെ തടസ്സങ്ങള്‍ നീക്കണമെന്ന് പലവട്ടം നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കുഴല്‍ക്കിണറില്‍ ബൈക്ക് തട്ടി മറിഞ്ഞു. ആടിക്കൊല്ലി റൂട്ടില്‍ നിന്നു പെട്ടെന്നു വാഹനം പ്രധാന പാതയിലേക്ക് പ്രവേശിക്കുമ്പോള്‍ കാപ്പിസെറ്റ് റൂട്ടിലെത്തുന്ന വാഹനവുമായി ഇടിക്കാന്‍ സാധ്യതയുണ്ട്. ഈ റൂട്ടില്‍ പലഭാഗത്തും വൈദ്യുത കാലുകള്‍ റോഡിലേക്കു കയറിനില്‍ക്കുന്നു. അമ്പത്താറ് മുതല്‍ അമരക്കുനി വരെയുള്ള ഭാഗത്താണ് കൂടുതല്‍ പ്രശ്‌നം.