പുല്‍പ്പള്ളി: പഴശ്ശിരാജ കോളേജിലെ മാധ്യമവിദ്യാര്‍ത്ഥികളും അധ്യാപകരുമായി നേരിട്ട് സംവദിക്കുന്നതിന്, ഈജിപ്തിലെ അറാം കനേഡിയന്‍ സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം നാളെ പഴശ്ശിരാജ കോളേജ് സന്ദര്‍ശിക്കും. ഇരുസ്ഥാപനങ്ങളിലെയും മാധ്യമ വിഭാഗങ്ങള്‍ തമ്മിലുണ്ടാക്കിയ സാംസ്‌കാരിക, മാനവശേഷി കൈമാറ്റ കരാര്‍ പ്രകാരമാണ് സന്ദര്‍ശനം. സംഘത്തില്‍ അറാം കനേഡിയന്‍ സര്‍വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ അധ്യാപിക, ഫെദ മുഹമദ്, ടീച്ചിംഗ് അസിസ്റ്റന്‍സ് സാറാ ഫ്രാന്‍സിസ്, മനാര്‍ അബ്ദുള്ള എന്നിവരും വിദ്യാര്‍ത്ഥികളായ ബോതാനിയ അല്‍മൊഹമദി, കരീം വായല്‍, ഹാഗര്‍ മുഹമ്മദ് എന്നിവരുമാണുള്ളത്. ഇക്കഴിഞ്ഞ മേയില്‍, പഴശ്ശിരാജ കോളേജിലെ മാധ്യമ വിദ്യാര്‍ത്ഥിനി അയന തോമസ് ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ഈജിപ്ഷ്യന്‍ സംഘം ഇന്ത്യയിലെത്തുന്നത്. പഴശ്ശിരാജ കോളേജിന്റെ നേതൃത്വത്തില്‍ നടത്തുന്ന സന്ദര്‍ശനത്തില്‍, കോഴിക്കോട് നഗരത്തിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളും അവയുടെ പ്രവര്‍ത്തനവും സംഘം കഴിഞ്ഞദിവസങ്ങളില്‍ നേരില്‍ കണ്ടു വിലയിരുത്തി. വയനാട്ടിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനായ മാറ്റൊലിയും സംഘം നാളെ സന്ദര്‍ശിക്കുന്നുണ്ട്.ഇവര്‍ വ്യാഴാഴ്ച പുലര്‍ച്ചെ മടങ്ങും.പരിപാടികള്‍ക്ക് മാസ് കമ്മ്യൂണിക്കേഷന്‍ അധ്യാപകരായ ഡോ. ജോബിന്‍ ജോയ്, ജിബിന്‍ വര്‍ഗ്ഗീസ്, ഷോബിന്‍ മാത്യു, ലിന്‍സി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജോസഫ് എന്നിവരാണ് നേതൃത്വം നല്കുന്നത്.