തൊപ്പിയെ വിടാതെ അവഹേളന പരാതികള്‍; വിവാദ യുട്യൂബര്‍ വീണ്ടും അറസ്റ്റില്‍

കണ്ണൂര്‍: വിവാദ യുട്യൂബര്‍ നിഹാദ് വീണ്ടും അറസ്റ്റില്‍. സമൂഹമാദ്ധ്യമങ്ങളില്‍ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. യുട്യൂബിലുടെ അവഹേളിച്ചതായാണ് പരാതിയില്‍ ഉന്നയിക്കുന്നത്. ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം നിഹാദിനെ ജാമ്യത്തില്‍ വിട്ടു.

വളാഞ്ചേരി പൊലീസ് കഴിഞ്ഞ മാസം വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച്‌ നിഹാദിനെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. പൊതുജനമദ്ധ്യത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് വളാഞ്ചേരി പൊലീസ് നിഹാദിനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. ഇയാളുടെ രണ്ട് ഫോണുകളും താമസസ്ഥലത്തു നിന്ന് കമ്ബ്യൂട്ടറും ഹാര്‍‌ഡ് ഡിസ്ക്കും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.

വളാഞ്ചേരിയിലെ ജെന്റ്സ് ഷോറൂം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിപാടിക്കിടെ തൊപ്പി പാടിയ പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടെന്നും കാണിച്ച്‌ വളാഞ്ചേരി സ്വദേശി ട്രോമാ കെയര്‍ വൊളന്റിയര്‍ സൈഫുദ്ദീൻ പാടമാണ് പരാതി നല്‍കിയത്. കട ഉദ്ഘാടനം ചെയ്യാനെത്തിയ തൊപ്പിയെ കാണാൻ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി കൗമാരക്കാരാണ് എത്തിയത്. തൊപ്പിയുടെ പാട്ടും ആള്‍ക്കൂട്ടവും സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.അതേസമയം അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കണ്ണൂരിലും തൊപ്പിക്കെതിരെ കേസെടുത്തിരുന്നെങ്കിലും ആ കേസിലും ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *