തിരുവനന്തപുരം: പുതിയ സാമ്ബത്തിക വര്‍ഷം തുടങ്ങിയശേഷം മദ്യ വില്പനയിലും വരുമാനത്തിലും നേട്ടമുണ്ടാക്കി ബെവ്കോ. ഏപ്രില്‍ ഒന്നുമുതല്‍ ജൂലായ് 10വരെ വില്പന നടത്തിയ കെയ്സുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.4 ശതമാനത്തിന്റെ വര്‍ദ്ധന. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ വിറ്റ ഇന്ത്യൻ നിര്‍മ്മിത വിദേശമദ്യം 59.87 ലക്ഷം കെയ്സ് ആയിരുന്നെങ്കില്‍ ഇക്കുറി 61.33 ലക്ഷമായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 5145.36 കോടിയുടെ വരുമാനം. ഇക്കുറി 5317.26 കോടി.
വില്പന മൊത്തത്തില്‍ കൂടിയിട്ടും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ചില്ലറ വില്പനശാലകളില്‍ പ്രതിദിന മദ്യ വില്പന അഞ്ചു ലക്ഷത്തില്‍ താഴെയാണെന്ന് കണ്ടെത്തി. ഇവിടങ്ങളില്‍ വില്പന കൂട്ടണമെന്ന് നിര്‍ദ്ദേശിച്ച് ബന്ധപ്പെട്ട വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഓപ്പറേഷൻസ്) സര്‍ക്കുലര്‍ അയച്ചു. തൊടുപുഴ, കൊട്ടാരക്കര, ബട്ടത്തൂര്‍, പെരുമ്ബാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, തൃപ്പൂണിത്തുറ, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ആലുവ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കാണ് വില്പന കൂട്ടാൻ നിര്‍ദ്ദേശം.