തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പല സ്ഥലങ്ങളില്‍ പല വില ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുന്നതില്‍ പൊലീസിൻെറ പരിശോധന വേണമെന്ന് യോഗം തീരുമാനിച്ചു.
വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കാര്യക്ഷമമാക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വില പിടിച്ചുനിര്‍ത്താന്‍ പല വകുപ്പുകള്‍ കാര്യക്ഷമമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം. ഒരേ ഇനത്തിനു തന്നെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വിലയിലെ അന്തരം വ്യാപാരസമൂഹവുമായി ജില്ലാകളക്ടര്‍മാര്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് ഒരേവില കൊണ്ടുവരാന്‍ ശ്രമിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ആഴ്ചയില്‍ ഒരു തവണയെങ്കിലും ജില്ലാകളക്ടര്‍മാര്‍ അവലോകനം നടത്തണം, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.