വെള്ളമുണ്ട: കുടുംബശ്രീ വയനാട് പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെയും കേരള നോളേജ് ഇക്കോണമി മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗോത്ര മേഖലയിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി നടത്തുന്ന ക്യാമ്പയിനായ “മുന്തറ”യുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി വെള്ളമുണ്ട സി.ഡി.എസ് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ.കെ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ രമേശൻ സി.വി,രാധ പി, മേരി സ്മിത ജോയ്, സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന ഷാജി, ജയേഷ്. കെ. അപ്സര. കെ, അഷ്‌റഫ്.സി തുടങ്ങിയവർ സംസാരിച്ചു.
ഗോത്ര മേഖലയിലെ യുവജനങ്ങളെ തൊഴിലിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ക്യാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്. വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ രംഗത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്തവർക്ക് പരിശീലനങ്ങൾ നൽകുന്നതിനും സർക്കാരിന്റെ ഡിഡബ്യുഎംഎസ് പോർട്ടൽ വഴി തൊഴിലവസരം ഒരുക്കി ഗോത്രമേഖലയിലെ ആളുകൾക്ക് ക്യാമ്പയിൻ വഴി തൊഴിൽ അവസരം തുറന്ന് നൽകാനും കഴിയുമെന്ന് ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഊരുകൾ കേന്ദ്രീകരിച്ച് പ്രത്യേകം വെക്കുന്ന ക്യാമ്പുകളിലൂടെ നിരവധി പേർക്ക് ഇതുവഴി വിവിധ തൊഴിലവസരങ്ങൾ തുറന്നു നൽകാൻ കഴിയുമെന്ന് കുടുംബശ്രീ പ്രതീക്ഷിക്കുന്നു. സർക്കാർ സർവീസിലേക്ക് എത്തുന്നതിന്റെ ആദ്യപടി എന്നോണം പി എസ് സി രജിസ്ട്രേഷൻ, ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നടത്തുന്നതിന് കുടുംബശ്രീ മിഷൻ സഹായിച്ചു വരികയാണ്.
വയനാട് ജില്ലയിലെ പദ്ധതി പ്രവർത്തനത്തിന്റെ ആദ്യപടിയായിട്ടാണ് വെള്ളമുണ്ട സിഡിഎസിൽ വെച്ച് പഞ്ചായത്ത് തല ക്യാമ്പ് സംഘടിപ്പിച്ചത്.