സെലിബ്രിറ്റി റണ്‍
വയനാട് ഒളിമ്പിക് അസോസിയേഷന്റെയും വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെയും നേതൃത്വത്തില്‍ ലഹരിമുക്ത കേരളം ക്യാമ്പെയിനിന്റെ ഭാഗമായി കല്‍പറ്റ ബൈപാസില്‍ സെലിബ്രിറ്റി റണ്‍ നടത്തും. ഇന്ന്(ശനി)രാവിലെ 9.30 ന് കല്‍പ്പറ്റ എം.സി.എഫ് സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിക്കുന്ന സെലിബ്രിറ്റി റണ്‍ അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും. കായിക താരങ്ങള്‍, സെലിബ്രറ്റികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ശിശുക്ഷേമ സമിതി അതിദരിദ്ര വിഭാഗം പട്ടികയില്‍പ്പെട്ടവര്‍ക്കും ഗോത്ര, ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി ഏര്‍പ്പെടുത്തിയ ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2023 ല്‍ എസ്.എസ്.എല്‍.സി പാസായി ഉപരിപഠനത്തിന് ചേര്‍ന്നവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമ സമിതി മുഖേനയാണ് അര്‍ഹരെ തെരഞ്ഞെടുക്കുക. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ തദ്ദേശ സ്വംയഭരണ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേര്‍ക്കണം. ആദിവാസി, ഗോത്ര മേഖലയില്‍ താമസിക്കുന്നവര്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ സാക്ഷ്യപത്രം, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ അപേക്ഷയോടൊപ്പം ചേര്‍ക്കണം. അപേക്ഷകള്‍ [email protected] ലോ തപാലിലോ, നേരിട്ടോ സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി, 673591, എന്ന വിലാസത്തില്‍ ജൂലൈ 30 നകം നല്‍കണം. അതിദരിദ്ര വിഭാഗം 10 കുട്ടികളെയും ആദിവാസി ,ഗോത്രസമുദായം വിഭാഗത്തില്‍പ്പെട്ട 5 കുട്ടികളെയുമാണ് തിരഞ്ഞെടുക്കുക. ഫോണ്‍: 9048010778, 9496666228.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തും.യോഗ്യത എം.ബി.ബി.എസ്.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി ജൂലൈ 20 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 9400348670.
മസ്റ്ററിംഗ് നടത്തണം
കല്‍പ്പറ്റ നഗരസഭയിലെ 2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂലൈ 31 നകം അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്റിംഗ് നടത്തണം. കിടപ്പു രോഗികള്‍, ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വൃദ്ധജനങ്ങള്‍ എന്നിങ്ങനെ അക്ഷയകേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവരുടെ മസ്റ്ററിംഗ് നടത്തുന്നതിന് വിവരങ്ങള്‍ അക്ഷയകേന്ദ്രങ്ങളിലോ അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരെയോ അറിയിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഫോണ്‍:04936 202349.
കാവുകള്‍ക്ക് ധനസഹായം
ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 2023-24 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുക. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തത്തിനുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉള്ളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍ ജൂലൈ 31 നകം കല്‍പ്പറ്റ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസി.ഫോറസ്റ്റ കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും കല്‍പ്പറ്റ സോഷ്യല്‍ ഫോറസട്രി ഡിവിഷന്‍ ഓഫീസിലോ, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷ ഫോറം www.keralaforest.gov.in ലും ലഭിക്കും. ഫോണ്‍: 04936 295 076.
വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവിവകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കും. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് വീതം നല്‍കും. ജില്ലയില്‍ താത്പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ ജൂലൈ 31 നകം കല്‍പ്പറ്റ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ അപേക്ഷ നല്‍കണം.
ആശാ വര്‍ക്കര്‍ നിയമനം
കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ മടിയൂര്‍കുനി(വാര്‍ഡ് 20) യില്‍ ആശാവര്‍ക്കര്‍ നിയമനം നടത്തുന്നു.യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 25 നും 45 നും മദ്ധ്യേ. അപേക്ഷകര്‍ വാര്‍ഡിലെ സ്ഥിരതാമസക്കാരായിരിക്കണം. ജൂലൈ 21 വൈകിട്ട് 3 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അപേക്ഷ എന്നിവ സമര്‍പ്പിക്കണം. ജൂലൈ 22 ന് രാവിലെ 11 ന് കല്‍പറ്റ ജനറല്‍ ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04936 206 768.
ലേലം
തവിഞ്ഞാല്‍ ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് അട്ടിയിട്ടുവെച്ചിരിക്കുന്ന വിവിധ മരങ്ങള്‍ ജൂലൈ 21 ന് ഉച്ചക്ക് 2.30 ന് പരസ്യമായി ലേലം ചെയ്യും.ലേലം സംബന്ധിച്ച വിവരങ്ങള്‍ https://etenders.kerala.gov.in/ ല്‍ ലഭിക്കും.
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
കല്‍പ്പറ്റ നഗരസഭ ഐ.സി.ഡി.എസിനു കീഴില്‍ ജാഗ്രത സമിതിയില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമായി ജൂലൈ 24 ന് രാവിലെ 10 ന് കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.
ഫോണ്‍: 8075980594.
ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയിനര്‍ നിയമനം
ചെതലയം ഗോത്ര പഠന ഗവേഷണ കേന്ദ്രത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയിനറെ നിയമിക്കുന്നു. ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 18 ന് രാവിലെ 10.30 ന് ചെതലയം ഗോത്ര പഠന ഗവേഷണ കേന്ദ്രം ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04936 238500.
എം.എല്‍.എ ഫണ്ട് അനുവദിച്ചു
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പളളി ഗ്രാമപഞ്ചായത്തിലെ കീര്‍ത്തിചക്ര ഗ്രാമകേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപയും, ബീനാച്ചി ജി.എച്ച്.എസ് മോഡല്‍ സ്റ്റാഫ് റൂം നിര്‍മ്മാണ പ്രവൃത്തിക്കായി മുപ്പത് ലക്ഷം രൂപയും, ചേകാടി ജി.എല്‍.പി.എസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കായി അമ്പത് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
ഓവര്‍സിയര്‍ നിയമനം
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഐ.ടി.ഐ, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി ജൂലൈ 20 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 202418.
സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള ഹരിത മിഷന്‍ പദ്ധതിയിലൂടെ കേരളത്തെ 2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ മേഖലയാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ഇന്ന് (ശനി) ജനകീയ ശില്‍പ്പശാല നടത്തും. തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ശില്‍പ്പശാല രാവിലെ 10 ന് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ജയകുമാര്‍ വിഷയാവതരണം നടത്തും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ പദ്ധതി അനുഭവ വിശദീകരണം നടത്തും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജനപ്രതിനിധികള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.
ആനിമേറ്റര്‍ നിയമനം
കുടുംബശ്രീ പട്ടിക വര്‍ഗ പദ്ധതികളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പടിഞ്ഞാറത്തറ, നൂല്‍പുഴ, പനമരം, മാനന്തവാടി എന്നീ സി.ഡി.എസുകളില്‍ ആനിമേറ്റര്‍മാരെ നിയമിക്കുന്നു. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട പത്താം ക്ലാസ്സ് പാസായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും ബയോഡാറ്റയും എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ജൂലൈ 25 നുള്ളില്‍ ജില്ലാ മിഷനില്‍ അപേക്ഷ നല്‍കണം.ഫോണ്‍. 04936 299370.