സ്പ്ലാഷ് മഴ മഹോത്സവം നാളെ സമാപിക്കും

കൽപ്പറ്റ: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന മഴ മഹോത്സവം നാളെ (ജൂലൈ 15-ന്) സമാപിക്കും.
ജൂലൈ അഞ്ച് മുതൽ നടന്നുവരുന്ന മഴ മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളാണ് നടന്നു വരുന്നത്.
വരും വർഷങ്ങളിൽ 30- മുതൽ 40 ശതമാനം വരെ ആഭ്യന്തര വിനോദ സഞ്ചാരികളളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.പൊതുജനങ്ങൾക്കായി സ്പ്ലാഷിൻ്റെ ഭാഗമായി ഒരുക്കിയ രണ്ട് ദിവസത്തെ കലാസാംസ്കാരിക പരിപാടികൾ പുളിയാർ മല കൃഷ്ണ ഗൗഡർ ഹാളിൽ തുടങ്ങി. കലാസന്ധ്യയുടെ ഉദ്ഘാടനം കലക്ടർ ഡോ.രേണു രാജ് നിർവ്വഹിച്ചു.
വയനാട് ടൂറിസം ഓർഗനൈസേഷൻ സ്ഥാപക നേതാക്കളിലൊരാളായ രവീന്ദ്രൻ കറുമാട്ടിലിനെ ചടങ്ങിൽ കലക്ടർ ആദരിച്ചു. സുധീപ് പാലനാടിൻ്റെയും രമ്യ നമ്പീശൻ്റെയും നേതൃത്വത്തിലുള്ള സംഗീത വിരുന്ന് ആസ്വാദകർക്ക് ആവേശമായി. 15-ന് വൈകുന്നേരം 6-മണിക്ക് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എൽ.എ അഡ്വ. ടി സിദ്ദീഖ്, വയനാട് ജില്ലാ കലക്ടർ ഡോ.രേണു രാജ് എന്നിവർ പങ്കെടുക്കും. സമാപന ദിവസമായ ശനിയാഴ്ച (ജൂലൈ 15) ന്
പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ
അനൂപ് ശങ്കർ നയിക്കുന്ന മ്യൂസിക്കൽ ഇവൻ്റ് വൈകുന്നേരം 6.30 മുതൽ ഉണ്ടാകും. പ്രവേശനത്തിനുള്ള സൗജന്യ പാസ് വയനാട് ടൂറിസം ഓർഗനൈസേഷൻ ഭാരവാഹികളിൽ നിന്ന് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജൂലൈ 5 ന് ആരംഭിച്ച മഴ മഹോത്സവത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ സൗജന്യ സംഗീത വിരുന്നാണ് രണ്ട് ദിവസമായി നടക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *