കല്‍പ്പറ്റ: വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടന്നിരുന്ന കല്‍പ്പറ്റ ബൈപ്പാസ് പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ നിശ്ചിത സമയത്തിനകം പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ഈ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് വകുപ്പ് മന്ത്രിയുമായും, കിഫ്ബി അധികൃതരുമായി നിരന്തരം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ബൈപ്പാസ് റോഡ് പൂര്‍ണ്ണ ഗതാഗതയോഗ്യമാക്കുന്നതിന് വേണ്ടി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഇന്ന് കല്‍പ്പറ്റ ബൈപ്പാസ് സന്ദര്‍ശിച്ചു. എം.എല്‍.എ യോടൊപ്പം കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി പുരുഷോത്തമന്‍, പ്രൊജക്ട് മാനേജര്‍ രാജീവന്‍ .ടി, പ്രൊജക്ട് എഞ്ചിനീയര്‍ സലീല്‍ .കെ, നാഷണല്‍ ഹൈവ്വേ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനയരാജ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജിതിന്‍ .എന്‍ എന്നിവര്‍ സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു.