തിരുനെല്ലി: ജില്ലാ കളക്ടർ ഡോ. രേണുരാജ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ സന്ദർശനം നടത്തി കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. ഉച്ചയ്ക്ക് 3 മണിയോടെയാണ് കളക്ടർ ക്ഷേത്രത്തിൽ എത്തിയത്. ബലിതർപ്പണ ചടങ്ങുകളുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയിൽ ദേവസ്വം ജീവനക്കാരുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ബലിതർപ്പണത്തിന് എത്തുന്നവർക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പ് അധികൃതരോട് ചടങ്ങിനെത്തുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ കളക്ടർ നിർദ്ദേശം നൽകി. തിരുനെല്ലി ക്ഷേത്രം, പാപനാശിനി ബലിക്കടവ്, ഗുണ്ഡിക ശിവക്ഷേത്ര പരിസരം, ബലിതർപ്പണ ചടങ്ങിന് എത്തുന്നവർക്കായി പുതുതായ് നിർമ്മിച്ച വിശ്രമകേന്ദ്രം എന്നിവിടങ്ങളിലും കളക്ടർ സന്ദർശനം നടത്തി. സുരക്ഷാ ക്രമീകരണത്തിനായി 180 പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തും പാപനാശിനി ബലിക്കടവിലും ആബുലൻസിൻ്റെയും ഡോക്ടറുടെയും സേവനത്തോട് കൂടിയ 2 മെഡിക്കൽ എയ്ഡ് പോസ്റ്റുകളുടെ പ്രവർത്തനം തുടങ്ങി. ബലിതർപ്പണ ചടങ്ങുകൾ പുലർച്ചെ 3 മുതൽ ആരംഭിക്കും. തിരുനെല്ലിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ 30 ബസുകൾ സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.
എ.ഡി.എം എൻ.ഐ ഷാജു, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, മാനന്തവാടി തഹസിൽദാർ എം.ജെ അഗസ്റ്റിൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.