സംസ്ഥാനത്ത് ആനകളുടെയും കടുവകളുടെയും എണ്ണം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി വനംവകുപ്പ് തയാറാക്കിയ സെൻസസ് റിപ്പോര്‍ട്ട്. ഏപ്രില്‍ 10 മുതല്‍ മേയ് 25 വരെ വയനാട്ടിലെ കാടുകളില്‍ നടന്ന കടുവകളുടെ കണക്കെടുപ്പിലെയും മേയ് 17 മുതല്‍ 19 വരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടത്തിയ കാട്ടാനകളുടെ കണക്കെടുപ്പിലുമാണ് എണ്ണം കുറഞ്ഞതായി കണ്ടെത്തിയതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഏപ്രില്‍ 10 മുതല്‍ േമയ് 15 വരെ വയനാട്ടില്‍ 297 സ്ഥലങ്ങളില്‍ കാമറ സ്ഥാപിച്ചാണ് കടുവകളുടെ കണക്കെടുത്തത്. 84 കടുവകളെയാണ് കണ്ടെത്തിയത്. 29 ആണ്‍ കടുവകളെയും 47 പെണ്‍കടുവകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 2018 ല്‍ നടത്തിയ കണക്കെടുപ്പില്‍ 120 ആയിരുന്നു കടുവകളുടെ എണ്ണം. വയനാട്ടില്‍ കര്‍ണാടക വനാതിര്‍ത്തി പങ്കിടുന്നതിനാല്‍ കണക്കില്‍ മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞു.

മെയില്‍ ബ്ലോക്ക് കൗണ്ട് രീതിയില്‍ നടത്തിയ കണക്കെടുപ്പില്‍ 1,920 കാട്ടാനകളുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഡങ് കൗണ്ട് (ആനപ്പിണ്ഡത്തിന്റെ കണക്കെടുപ്പില്‍) രീതിയിലൂടെ 2,386 ആനകളെയും കണ്ടെത്തി. സംസ്ഥാനത്തെ ആനകളുടെ എണ്ണം 1920നും 2386നും ഇടയിലുള്ള സംഖ്യ ആയിരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. 2017ല്‍ കണക്കെടുത്തപ്പോള്‍ ബ്ലോക്ക് കൗണ്ട് രീതിയില്‍ 3,322 ആനകളും ഡങ് കൗണ്ടിങ്ങില്‍ 5,706 കാട്ടാനകളെയുമാണ് കണ്ടെത്തിയത്. സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് ആനകള്‍ കര്‍ണാടകയില്‍ എത്താനുള്ള സാധ്യത വനംവകുപ്പ് അധികൃതര്‍ തള്ളിക്കളയുന്നില്ല.

സംസ്ഥാനത്ത് വനവിസ്തൃതി കുറഞ്ഞിട്ടില്ലെന്നും എന്നാല്‍ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നത് എണ്ണം വര്‍ധിച്ചതുകൊണ്ടാണെന്ന വാദം നിലവിലെ സെൻസസ് കണക്കുകള്‍ പ്രകാരം പൊരുത്തപ്പെടുന്നില്ല. മുട്ടില്‍ മരംമുറിയില്‍ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നും മന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *