കൽപ്പറ്റ: സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞമായ മിഷന്‍ ഇന്ദ്രധനുഷിന്റെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍, വായനശാലകള്‍, അക്ഷയ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും മുടങ്ങിപ്പോയ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0 സംഘടിപ്പിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ അവസരമൊരുക്കും. ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. ആദ്യഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാംഘട്ടം സെപ്തംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ഡി.പി.എം ഡോ. സമീഹ സെയ്തലവി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. പ്രിയ സേനന്‍, ഡോ. സാവന്‍ സാറ മാത്യു, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.സി നിജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.