കൽപ്പറ്റ: റവന്യൂ വകുപ്പിൽ നടപ്പാക്കിയ പൊതു സ്ഥലംമാറ്റ ഉത്തരവിനെതിരെ ഭരണപക്ഷ സർവിസ് സംഘടനകൾ കൊമ്പുകോർക്കുന്നതിനിടെ കൂടുതൽ പരാതികളുമായി ജീവനക്കാർ രംഗത്ത്. വ്യക്തമായ അഴിമതി ലക്ഷ്യം വെച്ച് ജോയന്റ് കൗൺസിൽ നേതൃത്വം തയാറാക്കിയ ലിസ്റ്റാണ് ഡെപ്യൂട്ടി കലക്ടർ (ജനറൽ ) സമ്മർദത്തിന് വഴങ്ങി പുറത്തിറക്കിയതെന്ന് എൻ.ജി.ഒ യൂനിയൻ ആരോപിച്ചിരുന്നു. കലക്ടറേറ്റിലും മാനന്തവാടി, സുൽത്താൻബത്തേരി താലൂക്ക് ഓഫിസുകളിലും സബ് കലക്ടർ, റീസർവേ ഓഫിസുകളിലും വർഷങ്ങളായി തുടരുന്നവർ ഭരണ സ്വാധീനത്തിന്റെ തണലിൽ അതേ ഓഫിസുകളിൽ സ്ഥലം മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നത് സംബന്ധിച്ച് ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്. 2018ലെ പ്രളയകാലത്ത് പനമരം ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ മോഷ്ടിച്ചതിനെത്തുടർന്ന് അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട രണ്ട് ജീവനക്കാർക്ക് ജനസമ്പർക്കമുള്ള ഓഫിസുകളിൽ നിയമനം നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണെന്നും ആരോപണമുണ്ട്. മാനന്തവാടി ലാന്റ് ട്രൈബ്യുണലിൽ സീനിയർ ക്ലർക്കായ ഉദ്യോഗസ്ഥനെ മൂന്ന് വർഷമായതിനാൽ സ്ഥലം മാറ്റിയെങ്കിലും ഇതേ ഓഫിസിൽ അഞ്ചു വർഷത്തിലേറെ ജോലി ചെയ്യുന്ന അറ്റൻഡർ തസ്തികയിലടക്കമുള്ള ജീവനക്കാരെ സ്ഥലം മാറ്റാത്തത് ഭരണ പക്ഷ സർവിസ് സംഘടനയുടെ ആളായതിനാലാണെന്നാണ് ആരോപണം.
സ്ഥലംമാറ്റത്തിൽ സർവിസ് സംഘടനകളുമായി ചർച്ചചെയ്ത് സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിനുശേഷവും വർക്കിങ് അറേഞ്ച്മെന്റിന്റെ പേരിൽ ഭരണ സ്വാധീനമുള്ളവർ പ്രധാന ഓഫിസുകളിൽ തുടരുന്നതും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റത്തെ സംബന്ധിച്ചും ‘മാധ്യമം’ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിഷയത്തിൽ സർക്കാർ അനുകൂല സംഘടനകൾ പരസ്പരം കൊമ്പുകോർക്കുന്നത് സംബന്ധിച്ചും വാർത്ത നൽകിയിരുന്നു. ക്ലർക്ക് / സീനിയർ ക്ലർക്ക് അനുപാതം വ്യക്തമായി സർക്കാർ ഉത്തരവിലൂടെ നിർവചിച്ചിട്ടും കലക്ടറേറ്റിലെ സുപ്രധാനമായ സീറ്റുകളിൽ സീനിയർ ക്ലർക്കുമാർ കൈകാര്യം ചെയ്യേണ്ട പല സീറ്റുകളിലും വളരെ ജൂനിയറായ ക്ലർക്കുമാരെ നിയമിച്ചിരിക്കുകയാണ്. വകുപ്പ് തല പരീക്ഷാ യോഗ്യത നേടിയിട്ടില്ലാത്തവർക്ക് താൽക്കാലികമായി പ്രമോഷൻ നൽകുമെങ്കിലും നിശ്ചിതകാലത്തിനുള്ളിൽ വകുപ്പുതല പരീക്ഷകൾ വിജയിക്കേണ്ടതുണ്ട്.