ഇംഫാൽ: മൂന്നുമാസമായി വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ ശവസംസ്‌കാരത്തെ ചൊല്ലിയും കുക്കി -മെയ്തേയി വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നു. കലാപം തുടങ്ങിയ മേയ് 3 മുതൽ കൊല്ലപ്പെട്ട 35 കുക്കി-സോ വംശജരുടെ കൂട്ട ശവസംസ്കാരം ഇന്ന് നടത്തുമെന്ന് തദ്ദേശീയ ആദിവാസി നേതാക്കളുടെ സംഘടനയായ ഐ.ടി.എൽ.എഫ് (ദ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം) പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംസ്കാരച്ചടങ്ങ് അനുവദിക്കില്ലെന്ന നിലപാടുമായി മെയ്തേയ് വിഭാഗം സംഘടനയായ കൊകോമി രംഗത്തെത്തിയതാണ് സ്ഥിതി വഷളാക്കിയത്. തങ്ങൾക്ക് ആധിപത്യമുള്ള ബിഷ്ണുപൂർ ജില്ലയിലെ സർക്കാർ ഭൂമിയായ ടോർബംഗ് ബംഗ്ലാവിലാണ് കുക്കികൾ ശവസംസ്‌കാരം നടത്താൻ ഒരുങ്ങുന്നതെന്നും ഇത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമാണ് മെയ്തേയികളുടെ മുന്നറിയിപ്പ്.
ഇന്ന് 11 മണിക്കാണ് സംസ്കാരം നടക്കേണ്ടത്. ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിന്നതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബിഷ്ണുപൂർ-ചുരാചന്ദ്പൂർ ജില്ലാ അതിർത്തിയിലേക്ക് കൂടുതൽ കേന്ദ്ര സുരക്ഷാ സേനയെ എത്തിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട് മൂന്ന് മാസം വരെ പിന്നിട്ട 35 മൃതദേഹങ്ങളും ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലാണുള്ളത്. ഒമ്പത് കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ മാത്രമുള്ള ഇവിടെ പരമ്പരാഗതരീതിയിൽ മത്തങ്ങകളും ഐസ് സ്ലാബുകളും ഉപയോഗിച്ചാണ് മൃതദേഹങ്ങൾ ഇതുവരെ സൂക്ഷിച്ചത്. മൂന്ന് സ്ത്രീകളുൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഇവിടെയുള്ളത്.
മെയ്തേയികളുടെ അവകാശവാദം തെറ്റാണെന്നും ചുരാചന്ദ്പൂർ ജില്ലയിൽ ഉൾപ്പെടുന്ന ബോൾജാങ് ഗ്രാമത്തിലെ പൊതുസ്ഥലത്താണ് സംസ്‌കാരം നടത്താൻ ഉദ്ദേശിക്കുന്നതെന്നും കുക്കി സംഘടനയായ ഐടിഎൽഎഫ് അറിയിച്ചു. ഏതെങ്കിലും ഗ്രൂപ്പുകൾ സംസ്കാര ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ, അനന്തരഫലങ്ങൾക്ക് അവർ ഉത്തരവാദികളായിരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. പ്രദേശം ബിഷ്ണുപൂർ പോലീസ് സ്റ്റേഷന്റെ പരിധിയിലാണെങ്കിലും ചുരാചന്ദ്പൂർ റവന്യൂ ജില്ലയിലാണിത്.