മലപ്പുറം: സംസ്ഥാനത്ത് നെൽപാടങ്ങളുടെ വിസ്തൃതി വീണ്ടും താഴോട്ട്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പ്രസിദ്ധീകരിച്ച 2021-22ലെ കാർഷിക സ്ഥിതിവിവര കണക്ക്പ്രകാരം നെൽവയലുകളുടെ വിസ്തൃതി മുൻവർഷത്തേക്കാൾ 4.54 ശതമാനം കുറഞ്ഞു. 1,95,734 ഹെക്ടറാണ് സംസ്ഥാനത്തെ നിലവിലെ വയൽ വിസ്തൃതി- മുൻ വർഷത്തേക്കാൾ 9306 ഹെക്ടർ കുറവ്. വ്യാപകമായ പാടം നികത്തലിനെതുടർന്ന് 2016-17ൽ വയൽ വിസ്തൃതി 1,71,398 ഹെക്ടറായി ചുരുങ്ങിയിരുന്നു. സർക്കാർ ഇടപെട്ട് തരിശുനിലങ്ങളിൽ കൃഷി വ്യാപിപ്പിച്ചതോടെ തൊട്ടടുത്ത വർഷം ഗണ്യമായ മാറ്റമുണ്ടായി. 2017-18ൽ വിസ്തൃതി 1,94,235 ഹെക്ടറായി വർധിച്ചു. ആ ഒരു വർഷം കൊണ്ട് ഉണ്ടായത് 22,837 ഹെക്ടറിന്റെ വർധന. 2018-19ൽ വിസ്തൃതി വീണ്ടും കൂടി – 2,02,907 ഹെക്ടർ. തൊട്ടടുത്ത വർഷം 1,98,180 ഹെക്ടർ ആയി കുറഞ്ഞെങ്കിലും 2020-21ൽ വിസ്തൃതി വീണ്ടും 2,05,040 ഹെക്ടറിലെത്തി. നിയമത്തിലെ ഇളവ് ദുരുപയോഗം ചെയ്ത് വയലുകൾ നികത്തുന്നതാണ് വിസ്തൃതി കുറയാൻ കാരണമെന്നാണ് സൂചന. മഴയുടെ ഏറ്റക്കുറച്ചിൽ നിമിത്തം കൃഷി ഉപേക്ഷിച്ചതും പാടം തരംമാറ്റപ്പെടാൻ കാരണമായി.
പാലക്കാട് ജില്ലയാണ് വയൽ വിസ്തൃതിയിൽ ഒന്നാമത് – 76503. 68 ഹെക്ടർ. സംസ്ഥാനത്തെ ആകെ വയൽ വിസ്തൃതിയുടെ 39.68 ശതമാനം വരുമിത്. 36528.36 ഹെക്ടർ നെൽകൃഷിയുള്ള ആലപ്പുഴ ജില്ലയാണ് രണ്ടാമത് (18.66 ശതമാനം). ആകെ വിസ്തൃതിയുടെ 12.09 ശതമാനമുള്ള തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത് (23658.36 ഹെക്ടർ). കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 413 ഹെക്ടർ പാടം നികത്തപ്പെട്ടതായി കാർഷിക സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ ജില്ലയിൽ 9.46 ശതമാനവും തൃശൂരിൽ 1.20 ശതമാനവും പാടം ഇല്ലാതായി. നെൽവയൽ വിസ്തൃതിയിൽ ഏറ്റവും പിറകിലുള്ള ഇടുക്കി ജില്ലയിൽ 2021-22ൽ വിസ്തൃതി വീണ്ടും കുത്തനെ ഇടിഞ്ഞു. 488.29 ഹെക്ടർ മാത്രമാണ് ഇപ്പോൾ ഇടുക്കിയിലെ വയൽ വിസ്തൃതി. 2020-21ൽ ഇടുക്കിയിൽ 820 ഹെക്ടർ പാടം ഉണ്ടായിരുന്ന സ്ഥാനത്താണ് 40.45 ശതമാനം വയലുകളും നികത്തപ്പെട്ടത്.