കൽപ്പറ്റ: ജപ്പാനിലെ ഉസാക്കയിൽ നടന്ന അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബ്ലാക്ക് ബെൽറ്റ് വിഭാഗത്തിൽ കുമിത്തെ ഇനത്തിൽ ലോക ചാമ്പ്യനായി കൽപ്പറ്റ സ്വദേശി ഹലീൽ ശ്രീ ഹൃദയ്. ഷിട്ടോറിയു ഇൻറർനാഷണൽ കരാട്ടെ -ഒമാൻ ദേശീയ ചീഫ് ട്രെയിനർ ബാവ അഹമ്മദിന്റെ ശിഷ്യനും മകനുമാണ് ശ്രീഹൃദയ്. മൂന്ന് വയസ്സ് മുതൽ കരാട്ടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒമാനിലാണ് കൽപ്പറ്റ തുർക്കി സ്വദേശിയായ ബാവ അഹമ്മദും കുടുംബവും താമസിക്കുന്നത്.
ഒമാൻ ദേശീയ ടീമിനു വേണ്ടിയാണ് ശ്രീഹൃദയ് മത്സരിച്ചത്. ജൂലൈ 21 മുതൽ 24 വരെയായിരുന്നു ജപ്പാനിൽ ലോക കരാട്ടെ ചാമ്പ്യൻഷിപ്പ് നടന്നത്. 18 വയസുമുതൽ 45 വയസ്സ് വരെയുള്ള വിവിധ രാജ്യങ്ങളിലെ 35 മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ എത്തിയത്. ഇതിലാണ് ലോക ചാമ്പ്യനാകാൻ ശ്രീഹൃദയ് ന് കഴിഞ്ഞത്.
2012 ൽ ബ്ലാക്ക് ബെൽറ്റിൽ ഫസ്റ്റ് ഡാനും 2015ൽ സെക്കൻഡ് ഡാനും 2018ൽ തേർഡ് ഡാനും സ്വന്തമാക്കി. ഇപ്പോൾ ജപ്പാനിൽ നടന്ന അന്തർദേശീയ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ്ങിൽ ഫോർത്ത് ഡാനും കരസ്ഥമാക്കിയ താരമാണ് ഹൃദയ് .