ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് രൂക്ഷ വിമര്‍ശനം;
ടാക്‌സ് വെട്ടിക്കുന്നത് കുത്തക കമ്പനികളെന്നും സ്വര്‍ണ വ്യാപാരികള്‍

കൽപ്പറ്റ: സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ് ജി.എസ്.ടി.ഉദ്യോഗസ്ഥരുടെ അന്യായമായ കടപരിശോധനകളെന്നും അത്തരം പ്രവണത അവസാനിപ്പിക്കണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വീട് വീടാന്തരം കയറിയിറങ്ങിയുള്ള കുത്തക കോര്‍പ്പറേറ്റുകളുടെ അനധികൃത സ്വര്‍ണ്ണ വ്യാപാരത്തിലൂടെയാണ് ടാക്‌സ് വെട്ടിപ്പ് നടക്കുന്നത്. നിരവധി കള്ളക്കടത്തുകള്‍ നടക്കുമ്പോള്‍ അപൂര്‍വമായി ചിലതെങ്കിലും പിടിക്കപ്പെടുന്നുണ്ടെങ്കിലും, ഇത്തരം കള്ളക്കടത്ത് സ്വര്‍ണ്ണങ്ങള്‍ എവിടേക്കാണ് പോകുന്നതെന്ന് അന്വേഷിക്കാനോ,കള്ളക്കടത്ത് നിര്‍ത്തലാക്കാനോ അതുവഴിയുള്ള ടാക്‌സ് ചോര്‍ച്ച തടയാനോ
ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കുന്നില്ല.കൃത്യമായി കണക്ക് കാണിച്ച് ടാക്‌സ് അടച്ച് വ്യാപാരിക്കുന്ന ചെറുകിട ഇടത്തരം വ്യാപാരികളുടെ കടകള്‍ ഒരു മുന്നറിയിപ്പും നല്‍കാതെ പരിശോധന നടത്തിയതില്‍ യോഗം അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി.ഇത്തരം വ്യാപാരി ദ്രോഹനടപടികളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്തിരിയണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കുകളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്ത യോഗം സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ജിഎസ്ടി ഉദ്യോഗസ്ഥരുടെ അന്യായമായ കടപരിശോധനയില്‍ പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി പികെ.ലത്തീഫ് സ്വാഗതം ആശംസിച്ചു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു.യോഗത്തില്‍ കെ.പി. ദാമോദരന്‍, ബെന്നി അഗസ്റ്റിന്‍, ജോസ് വി.ജോസ്, ബിജു വാലുമ്മല്‍, ചാക്കോച്ചന്‍, മുഹമ്മദ്, ശിവദാസ്, ഷാജി മാനന്തവാടി, സജി തിളക്കം, പ്രേമരാജന്‍ ബത്തേരി, സിദ്ദീഖ് കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *