1839 ആഗസ്റ്റ് 19-നാണ് ഫോട്ടാഗ്രാഫിയുടെ പൂര്‍വരൂപമായ ഡൈഗ്രോടൈപ്പ് എന്ന ഉപകരണം ഫ്രെഞ്ച് സര്‍ക്കാര്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത്. ഇതിന്റെ ഓര്‍മയ്ക്കാണ് ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. ഫ്രെഞ്ച് കലാകാരനായ ലൂയി ഡൈഗ്രോയാണ് ഈ ഉപകരണത്തിന്റെ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. ഫോട്ടോഗ്രാഫിയുടെ സ്ഥാപകരിലൊരാളായി ലൂയി അറിയപ്പെടുന്നു. ഇദ്ദേഹം 1838-ല്‍ പകര്‍ത്തിയ ബുലവാഡ് ദു ടെമ്ബിള്‍ എന്ന ചിത്രമാണ് മനുഷ്യര്‍ ഉള്‍പ്പെടുന്ന ആദ്യത്തെ ഫോട്ടോയായി കണക്കാക്കക്കപ്പെടുന്നത്.
ഗണിതശാസ്ത്രജ്ഞനായ ക്ലാര്‍ക്ക് മാക്‌സ് വെല്ലാണ് 1861-ല്‍ ലോകത്ത് ആദ്യമായി കളര്‍ചിത്രം പകര്‍ത്തിയത്. ലോകത്ത് ആദ്യമായി ഡിജിറ്റല്‍ ഫോട്ടോ പിറവിയെടുക്കുന്നത് 1957-ലും. സ്റ്റീഫൻ സാസെണാണ് ഡിജിറ്റല്‍ ക്യാമറ കണ്ടുപിടിച്ചത്.
ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ശാസ്ത്രനേട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫോട്ടോഗ്രാഫിയുടേത്. ചില കാര്യങ്ങള്‍ മനസ്സിലാക്കാൻ ആയിരം വാക്കുകളേക്കാള്‍ ഒരു ചിത്രംകൊണ്ടു സാധിക്കുമെന്നാണ് പൊതുവെ അഭിപ്രായപ്പെടുന്നത്. പ്രകാശം കൊണ്ടുള്ള ചിത്രരചന എന്നാണ് ഗ്രീക്കില്‍ നിന്നും രൂപംകൊണ്ട ഫോട്ടോഗ്രാഫി എന്ന വാക്കിന്റെ അര്‍ഥം. ആദ്യകാലത്ത് യുദ്ധക്കെടുതികളും ദുരന്തങ്ങളും പ്രധാന സംഭവങ്ങളുമെല്ലാമാണ് കൂടുതലായും പകര്‍ത്തപ്പെട്ടതെങ്കില്‍ ഇന്ന്, പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന കാഴ്ചകളും മനുഷ്യജീവിതത്തിന്റെ ഓരോ നിമിഷങ്ങളും എഐ ക്യാമറകളുപയോഗിച്ച് പകര്‍ത്തുന്ന ബഹിരാകാശ കാഴ്ചകളുമടക്കം ഈ മൂന്നാം കണ്ണില്‍ അടയാളപ്പെടുത്തപ്പെട്ടു. സമൂഹത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ സകല അടരുകളിലേക്കും ക്യാമറകണ്ണുകള്‍ ചെന്നെത്തി നൈമിഷിക കാഴ്ചകളെ സുസ്ഥിരമാക്കി സൂക്ഷിക്കാൻ ഇന്ന് എളുപ്പത്തില്‍ സാധിക്കുന്നു.
വലിയ സംവിധാനങ്ങളും എട്ടു മണിക്കൂര്‍ മുതല്‍ ദിവസങ്ങളോളം സമയവും ക്യാമറക്കണ്ണുകള്‍ തുറന്നുവച്ചാല്‍ മാത്രമേ ആദ്യകാലത്ത് ഒരു ചിത്രമെടുക്കാൻ സാധ്യമാവുകയുള്ളൂ. എന്നാല്‍പ്പോലും കൃത്യതയാര്‍ന്ന ചിത്രമാകും ലഭിക്കുക എന്ന് ഉറപ്പിക്കാനുമാകില്ല. ഡൈഗ്രോടൈപ്പിന്റെ കണ്ടുപിടിത്തമാണ് മണിക്കൂറുകള്‍ക്കുപകരം മിനിട്ടുകള്‍ മാത്രം മതി എന്ന അവസ്ഥയിലേക്കെത്തിയത്. 1888-ല്‍ അമേരിക്കൻ കമ്ബനിയായി ഈസ്റ്റ് മാൻ കൊഡാക്ക് കൈയില്‍ കൊണ്ടുനടക്കാവുന്ന ക്യാമറകള്‍ ഇറക്കിയതോടെയാണ് ഫോട്ടോഗ്രാഫി കൂടുതല്‍ ജനകീയമായത്. കൃത്യം നൂറു വര്‍ഷം കഴിഞ്ഞ് ജപ്പാൻ കമ്ബനിയായ നിക്കോണ്‍ ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രോണിക് ക്യാമറ വിപണിയിറക്കി. അതേവര്‍ഷം തന്നെയാണ് ഫ്യൂജിഫിലിം ആദ്യത്തെ സമ്ബൂര്‍ണ ഡിജിറ്റല്‍ ക്യാമറയും നിര്‍മിച്ചത്. 1999-ലാണ് ലോകത്തെ ആദ്യത്തെ ക്യാമറഫോണ്‍ ജപ്പാനില്‍ പുറത്തിറക്കിയത്. ഫിലിമുകളില്‍ നിന്നും ഡിജിറ്റലിലേക്കുള്ള ഫോട്ടോഗ്രാഫിയുടെ മാറ്റമാണ് യഥാര്‍ത്ഥത്തില്‍ ഈ മേഖലയിലെ വിപ്ലവകരമായ മാറ്റം എന്നു വിശേപ്പിക്കാനാവുന്നത്. പിന്നീടങ്ങോട്ട് ഈ മേഖയിലെ സാങ്കേതിക വിദ്യയുടെ സാധ്യതകളും നൂതനാശയങ്ങളുടെ പ്രയോഗവും സമന്വയിച്ചതോടെ ഇന്നെല്ലാവരും ഫോട്ടോഗ്രാഫര്‍മാരായി മാറി. കുടുംബവിശേഷം മുതല്‍ ബഹിരാകാശത്തിലെ നിഗൂഢവിവരങ്ങള്‍ വരെ പകര്‍ത്തുന്നതിനുള്ള ശക്തിയേറിയ മാധ്യമമായി ഇന്ന് ഫോട്ടോഗ്രാഫി വളര്‍ന്നു.
1999-ല്‍ പിറവികൊണ്ട ഫോട്ടോഷോപ്പ് സംവിധാനം ഫോട്ടോഗ്രാഫിക്ക് കൂടുതല്‍ മികവ് പകര്‍ന്നു. വാര്‍ത്തകളെ വക്രീകരിക്കാനും പ്രാധാന്യത്തെ ഇല്ലായ്മ ചെയ്യാനും ഇന്ന് ഇത്തരം സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നത് ഖേദകരമാണ്. സത്യത്തിന്റെ നേര്‍ക്കാഴ്ചകളായി പകര്‍ത്തുന്ന ചിത്രങ്ങള്‍ തന്നെയാണ് ഫോട്ടോഗ്രാഫിയുടെ യശ്ശസ്സിന്നാധാരം.