തവിഞ്ഞാല്‍: വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വരയാല്‍ പാറത്തോട്ടത്ത് ആരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.എസ് ദീപ ഉദ്ഘാടനം ചെയ്തു. തയ്യല്‍ യൂണിറ്റിന്റെ് ഉദ്ഘാടനം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയിയും തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമനും റഫറന്‍സ് ലൈബ്രറിയുടെ ഉദ്ഘാടനം നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവലും നിര്‍വഹിച്ചു. വനാശ്രിത സമൂഹത്തില്‍പ്പെട്ടവര്‍ വനത്തില്‍ നിന്നും ശേഖരിക്കുന്ന ഉത്പ്പന്നങ്ങള്‍ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ വാങ്ങി വില്‍പ്പന നടത്തുകയും അതുവഴി ലഭിക്കുന്ന വരുമാനം വനാശ്രിത സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുകയാണ് വനശ്രി ഇക്കോഷോപ്പുകളുടെ പ്രധാന ലക്ഷ്യം. വനശ്രീ ഇക്കോ ഷോപ്പ് വരയാലില്‍ ആരംഭിക്കുന്നതോടെ ആദിവാസി വിഭാഗക്കാരില്‍ നിന്നും മറ്റും നേരിട്ട് വനവിഭവങ്ങള്‍ ന്യായമായ വിലക്ക് വാങ്ങുന്നതിനും വിപണനം നടത്തുന്നതിനും സാധിക്കും.
നോര്‍ത്ത് വയനാട് വികസന സമിതിയുടെ സഹായത്തോടെ പൂക്കോട് ചപ്പാരം വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് വരയാലില്‍ വനശ്രീ ഇക്കോഷോപ്പും തയ്യല്‍ യൂണിറ്റ് പരിശീലന കേന്ദ്രവും ആരംഭിക്കുന്നത്. തലശ്ശേരി-ബാവലി റോഡരികിലാണ് ഇക്കോഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സല്‍മ മോയിന്‍, വാര്‍ഡ് മെമ്പര്‍ ടി.കെ അയ്യപ്പന്‍, കുഞ്ഞിരാമന്‍ പൂക്കോട്, എസ്.എന്‍.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ സിദ്ദിഖ് മാസ്റ്റര്‍, ഫാദര്‍ നിതിന്‍ പാലാക്കാട്ട്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഹാഷിഫ് തുടങ്ങിയവര്‍ സംസാരിച്ചു.