എടവക: എടവക ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി പൈങ്ങാട്ടിരി പൈതൃക ഗ്രാമത്തിനോട് ചേര്‍ന്ന് നടപ്പിലാക്കുന്ന പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന അമൃത സരോവറിന്റെ പ്രവര്‍ത്തി ഉദ്ഘാടനം പത്മശ്രീ പുരസ്‌ക്കാര ജേതാവ് ചെറുവയല്‍ രാമന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണം നടത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ അമൃത സരോവറിനായി 38.50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കുളം പാര്‍ക്കിന്റെ മുഖ്യ ആകര്‍ഷമാകും. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ 25 സെന്റ് സ്ഥലത്ത് ഒരുക്കുന്ന പാര്‍ക്കില്‍ ഹെറിറ്റേജ് മ്യൂസിയം, ഫെസിലിറ്റേഷന്‍ സെന്റര്‍, ഉദ്യാനം, ഫുഡ് പാര്‍ക്ക്, ആംഫി തിയേറ്റര്‍, ഓപ്പണ്‍ ജിം, ലേസര്‍ ഷോ, ഫൗണ്ടനുകള്‍ എന്നിവയെല്ലാം സജ്ജീകരിക്കും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ. വിജയന്‍, സ്ഥിരം സമിതി അധ്യക്ഷനായ ജോര്‍ജ് പടക്കൂട്ടില്‍, ജെന്‍സി ബിനോയ്, ശിഹാബ് അയാത്ത് വാര്‍ഡ് മെമ്പര്‍മാരായ എം.പി വത്സന്‍, ലിസി ജോണ്‍, തൊഴിലുറപ്പ് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ പി.സി മജീദ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.പി ഷിജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍. അനില്‍കുമാര്‍, അക്രഡിറ്റഡ് എന്‍ജിനീയര്‍ സി.എച്ച് ഷമീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.