ആദിവാസി യുവാവിന്റെ മരണം, സമഗ്രാന്വേഷണം നടത്തണം. എസ്.ഡി.പി.ഐ

മാനന്തവാടി: ബാവലി ചാനമംഗലം പണിയ കോളനിയിലെ മാധവന്റെയും സുധയുടെയും മകന്‍ ബിനീഷ്(33)ന്റെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അഞ്ചുദിവസം മുമ്പാണ് ബിനീഷ് കുടകിലെ ബിരുണാണിയില്‍ ജോലിക്കുപോയത്. കുടകിലെ തൊഴിലിടങ്ങളില്‍ ആദിവാസിമരണങ്ങള്‍ തുടർക്കഥകളാവുമ്പോഴും അധികാരികള്‍ ഒറ്റപ്പെട്ട സംഭവങ്ങളായി അവഗണിക്കുകയാണ്. ഇന്റർസ്റ്റേറ്റ് മൈഗ്രൻ്റ് വർക്ക്മെന്‍ ആക്റ്റ്(1979)ഉം ആദിവാസികളെ ജോലിക്ക് കൊണ്ടുപോവുമ്പോള്‍ ഊരുമൂപ്പന്‍, എസ്.ടി പ്രൊമോട്ടര്‍, ട്രൈബല്‍ എക്സ്റ്റെന്ഷന്‍ ഓഫീസര്‍ പോലീസ് ഡിപ്പാർട്ട്മെൻ്റ് എന്നിവയിലാരെയെങ്കിലും അറിയിക്കണമെന്നും തൊഴിൽദിനങ്ങള്‍, വേതനം തുടങ്ങി കൃത്യമായ വിവരങ്ങള്‍ നൽകണമെന്നുമുള്ള 2007 ആഗസ്റ്റിലെ ജില്ലാ കളക്ടറുടെ സർക്കുലറും നിലവിലുണ്ട്. സുരക്ഷാനിയമങ്ങളും നിർദ്ദേശങ്ങളും നിലനിൽക്കുമ്പോള്‍ തന്നെയാണ് തുടർച്ചയായ ആദിവാസി മരണങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ 122ഓളം കുടക്മരണങ്ങള്‍ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തൊഴിലുടമകളുടെ സ്വാധീനവും തെളിവുകളുടെ അഭാവവുംമൂലം മിസ്സിംഗ് കേസുകളായി അവസാനിക്കുകയോ മരണങ്ങള്‍ പുറംലോകമറിയാതെ FIRല്‍ ഒതുങ്ങുകയോ ആണ് പതിവ്. മരണ സർട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ പലർക്കും  വിധവാപെൻഷന്‍ പോലും ലഭിക്കാറില്ല. ഇഞ്ചികർഷകരുടെ “പ്രശ്നങ്ങളില്‍’’ സജീവമായി ഇടപെടാന്‍ “ജിഞ്ചര്‍ അസോസിയേഷന്‍” നിലവിലുണ്ടെങ്കിലും രാഷ്ട്രീയപാർട്ടികളും യൂണിയനുകളും തൊഴിലിടങ്ങളിലെ വിഷയങ്ങളില്‍ മൗനംപാലിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. അധികൃതര്‍ തൊഴിൽനിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുകയും തൊഴിൽസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണം.
ബിനീഷിന്റെ  മരണത്തിലടക്കം കുടകിലെ ആദിവാസി മരണങ്ങളില്‍ കൃത്യമായ അന്വേഷണങ്ങള്‍ നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മരണപ്പെട്ടവരുടെ കുടുംബംങ്ങൾക്ക്  അർഹമായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. എന്‍. ഹംസ സ്വാഗതവും മഹറൂഫ് അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *