പോലീസ് നോട്ടീസ് അയച്ചിട്ടും കക്ഷികള്‍ ഹാജരാകാത്ത സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷന്‍

വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ എതിര്‍ കക്ഷികള്‍ ഹാജരാകാതിരിക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണെന്നും പോലീസ് നോട്ടീസ് അയച്ചിട്ടും കക്ഷികള്‍ ഹാജരാക്കാത്ത സ്ഥിതിയുണ്ടെന്നും സംസ്ഥാന വനിതാ കമ്മിഷന്‍. ഇത് ഗൗരവകരമായി പരിശോധിക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കല്‍പ്പറ്റ കളക്ട്രേറ്റില്‍ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും സ്ത്രീ സുരക്ഷാ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും പി. സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികള്‍ക്ക് പരിശീലനം നല്‍കും. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തി മികച്ച ജാഗ്രത സമിതിക്ക് അവാര്‍ഡും നല്‍കും. അവാര്‍ഡ് തുക 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിന് എല്ലാ സര്‍ക്കാര്‍, സഹകരണ, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ ശാക്തീകരിക്കണം. ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിന് നേതൃത്വം നല്‍കണം. അദാലത്തില്‍ 4 പരാതികള്‍ തീര്‍പ്പാക്കി. 24 പരാതികള്‍ പരിഗണിച്ചതില്‍ പതിനെട്ട് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. ഒരു പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഒരു കേസില്‍ കൗണ്‍സിലിംഗ് നിര്‍ദ്ദേശിച്ചു. ഭൂമി കയ്യേറ്റം, കുടുംബ പ്രശ്‌നം, സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിണിച്ചത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ വി. ഉഷാകുമാരി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *