കബനിക്കായ് വയനാട്; രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

,

കൽപ്പറ്റ :നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന കബനിക്കായ് വയനാട് ക്യാമ്പെയിനിന്റെ രണ്ടാം ഘട്ട നീര്‍ച്ചാല്‍ പുനരുജീവന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടങ്ങി. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നീരുറവ് ക്യാമ്പെയിനുമായി സംയോജിപ്പിച്ച് നടത്തുന്ന പദ്ധതി വൈത്തിരി, പൊഴുതന ഗ്രാമ പഞ്ചായത്തുകളില്‍ തുടങ്ങി. വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന പ്രധാന നീര്‍ച്ചാലായ ചേലോട് അമ്മാറ തോടിന്റെ ഒന്നര കിലോമീറ്റര്‍ പദ്ധതിയുടെ ഭാഗമായി പുനരുജീവിപ്പിക്കും. തോടിന്റെ ഹൈവേയിലുള്ള ഭാഗം കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കും. തുടര്‍ന്ന് മാപ്പിംഗില്‍ കണ്ടെത്തിയ നീര്‍ച്ചാലുകള്‍ ഘട്ടം ഘട്ടമായി വീണ്ടെടുക്കും. പഞ്ചായത്തുകളിലെ മത്സ്യസമ്പത്തിനെയും പക്ഷികളെയും കുറിച്ചുള്ള അവാസ വ്യവസ്ഥാ പഠനം പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുമായി സഹകരിച്ച് ആസൂത്രണം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവ വൈവിധ്യങ്ങളുടെ പഠനവും നടത്തും. ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതി വിലയിരുത്തും. സര്‍വേ നടത്തി മാപ്പത്തോണ്‍ സാങ്കേതികവിദ്യയിലൂടെ മാപ്പിംഗ് നടത്തി മാലിന്യമുള്ള ഇടങ്ങളും ഒഴുക്കു നിലച്ച നീര്‍ച്ചാലുകളും കണ്ടെത്തി അവയെ പുനരുജീവിപ്പിച്ച് സുസ്ഥിരമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കബനി പുനരുജ്ജീവനം. ജില്ലയുടെ പ്രധാന ജലസ്രോതസ്സായ കബനി നദിയുടെ സംരക്ഷണവും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

കബനിക്കായ് വയനാട് പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ അമ്മാറ ചേലോട് തോട് വീണ്ടെടുക്കുന്നതിനായുള്ള യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു.സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എ ഓവര്‍സിയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *