പൊഴുതന: പൊഴുതന അച്ചൂരിന് പിന്നാലെ പുലിപ്പേടിയിൽ പാറക്കുന്ന് ഗ്രാമവും. തൊഴുത്തിൽ കെട്ടിയ രണ്ട് പശുക്കളെകൂടി പുലി പിടിച്ചതോടെ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ പുലി പിടിച്ച പശുക്കളുടെ എണ്ണം നാലായി.. പൊഴുതന പഞ്ചായത്തിൽ അടുത്തിടെ മാത്രം 24 വളർത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചെറിയ പറമ്പിൽ ശശിയുടെ ആറ് മാസം പ്രായമായ പശുക്കിടാവിനെയും പുളിക്കുയിൽ ഹൈദ്രൂസിൻ്റെ മൂന്ന് വയസ്സുള്ള പശുവിനെയുമാണ് കഴിഞ്ഞ ദിവസം പുലി പിടിച്ചത്. ജനസാന്ദ്രതയേറിയ പാറക്കുന്നിൽ സന്ധ്യ മയങ്ങിയാൽ ഇപ്പോൾ ആരും പുറത്തിറങ്ങാറില്ല. പൊരുവിയിൽ സലീമിന്റെ തൊഴുത്തിൽ നിന്നും കഴിഞ്ഞദിവസം പശുക്കുട്ടിയെ പുലി പിടിച്ചു. പുലിയുടെ ആക്രമണം നടന്ന സ്ഥലങ്ങളിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആക്രമണം തുടരുകയാണ്. മണിക്കൂറുകളുടെ ഇടവേളയിൽ വിവിധയിടങ്ങളിൽ പുലിയുടെ ആക്രമണം ഉണ്ടാകുന്നതിനാൽ ഒന്നിൽ കൂടുതൽ പുലിയുണ്ടെന്ന സംശയവും പ്രദേശവാസികൾക്കുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട വനംവകുപ്പ് തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തിൽ കൈക്കൊള്ളുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.