വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി**മണ്ഡലങ്ങളില്‍ പ്രത്യേക ക്ഷണിതാക്കള്‍* മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 23 ന് ജില്ലയില്‍ നടക്കുന്ന നവകേരള സദസ്സ് വയനാടിന് പുതിയ അനുഭവമാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേര്‍ന്ന നവകേരള സദസ്സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും നവകേരള സദസ്സ് ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തി. പൊതുജനങ്ങളുടെ വിപുലമായ പങ്കാളിത്തം നവകേരള സദസ്സിലുണ്ടാകും. ഓരോ മണ്ഡലങ്ങളിലും വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കണം. നവംബര്‍ 18 ന് മുമ്പായി ഇവര്‍ക്കുള്ള ക്ഷണക്കത്തുകളെത്തിക്കണമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാര്‍ക്കുമുള്ള സൗകര്യങ്ങള്‍, നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങള്‍ക്കുള്ള സൗകര്യം, പരാതി സ്വീകരിക്കുന്ന കൗണ്ടറുകള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 23 ന് രാവിലെ 9 ന് കല്‍പ്പറ്റയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ചേരുന്ന പ്രഭാതയോഗത്തിന് ശേഷമാണ് ഉച്ചയ്ക്ക് 11 ന് കല്‍പ്പറ്റ മണ്ഡലം തല നവകേരള സദസ്സ് നടക്കുക. ഇതിനായി എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് പ്രത്യേക വേദി ഒരുങ്ങും. മൂവായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളനുള്ള പന്തലാണ് ഇവിടെ ഒരുക്കുക. സുല്‍ത്താന്‍ ബത്തേരി മണ്ഡലം തല നവകേരള സദസ്സ് ഉച്ചയ്ക്ക് 2 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും മാനന്തവാടി നിയോജക മണ്ഡലം നവകേരള സദസ്സ് വൈകീട്ട് 4 ന് ജി.വി.എച്ച്.എസ് മൈതാനത്തുമാണ് നടക്കുക. ഇവിടെയുള്ള ഒരുക്കങ്ങളെല്ലാം മന്ത്രി എ.കെ.ശശീന്ദ്രന്‍ വിലയിരുത്തി. നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നിര്‍വ്വഹിക്കേണ്ട ചുമതലകള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനും നവകേരള സദസ്സ് കല്‍പ്പറ്റ നിയോജക മണ്ഡലം ചെയര്‍മാനുമായി സി.കെ.ശശീന്ദ്രന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണും ബത്തേരി മണ്ഡലം ചെയര്‍പേഴ്സണുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍, എ.ഡി.എം എന്‍.ഐ.ഷാജു, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.*നവകേരള സദസ്സ്**രണ്ടരലക്ഷം ക്ഷണക്കത്തുകള്‍ വീടുകളിലെത്തും*വയനാട് ജില്ലയില്‍ നവംബര്‍ 23 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ രണ്ടര ലക്ഷം ക്ഷണക്കത്തുകള്‍ വീടുകളിലെത്തും. നവകേരളത്തിന്റെ മുന്നേറ്റങ്ങളും മഹത്തായ ലക്ഷ്യങ്ങളും രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ട ക്ഷണക്കത്തുകളാണ് ഗ്രാമ ഗ്രാമന്തരങ്ങളിലെത്തുക. നിയോജക മണ്ഡല തലങ്ങളിലെത്തിയ ക്ഷണക്കത്തുകളുടെ വിതരണം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകും. നാടിന്റെയും ജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ നവകേരള സദസ്സിലൂടെ സ്വാംശീകരിക്കുകയും നിറവേറ്റുകയും ചെയ്യുകയെന്ന ബൃഹത്തായ ആശയമാണ് നവകേരള സദസ്സ് ക്ഷണക്കത്തിലൂടെ പങ്കുവെക്കുന്നത്. നവകേരളം നവലോക മുദ്രകള്‍ ലഘുലേഖയും ഇതോടൊപ്പം വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ പ്രചാരണ രേഖകളുടെ വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. മണ്ഡലം പഞ്ചായത്ത് തലങ്ങളിലൂടെയാണ് ഇവയുടെ വീടുകള്‍ തോറുമുള്ള വിതരണം.