മാനന്തവാടി : പേര്യയയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ പോലീസ് പിടിച്ചെടുത്ത ആയുധങ്ങളില്‍ അന്വേഷണം തുടങ്ങി. ഇതിനിടെ ഒളിവിൽ പോയ മൂന്ന് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിലും ഊർജ്ജിതമാക്കി. മാവോവാദികളെ വിശദമായ ചോദ്യം ചെയ്യലിനായി കോടതിയിൽ നിന്നാ കസ്റ്റഡിയിൽ വിട്ടുകിട്ടിയതോടെ പല വിധ അന്വേഷണമാണ് പോലീസ് നടത്തുന്നത്. പേര്യയിൽ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസിൻ്റെ ഒരു അന്വേഷണം.പിടിച്ചെടുത്തവയില്‍ സൈന്യം ഉപയോഗിക്കുന്ന ആയുധവും ഉണ്ടായിരുന്നു. പിടിച്ചെടുത്ത തോക്കുകളില്‍ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിളും എ.കെ.47 ഉം ഉൾപ്പടെ നാല് തോക്കുകൾ ഉണ്ടെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിനിടെ പോലീസിൻ്റെ ക്രമ സമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ.അജിത്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങളെത്തിച്ചതായാണ് നിഗമനം.സൈനികരെ ആക്രമിച്ച് കൈവശപ്പെടുത്തിയ ആയുധങ്ങള്‍ കേരളത്തിലെത്തിയതായി പോലീസിന് സംശയമുണ്ട് .ഇന്നലെ ഏറ്റുമുട്ടലിൽ പോലിസ് പിടികൂടിയ മാവോയിസ്റ്റുകളായ തമിഴ്നാട് സ്വദേശി ചന്ദ്രുവിനെയും കർണ്ണാടക സ്വദേശി ഉണ്ണിമായയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ അഞ്ച് സ്ഥലങ്ങളിൽ മാവോയിസ്റ്റ് സംഘം ജനവാസ കേന്ദ്രങ്ങളിൽ എത്തിയിരുന്നു. ഇതെല്ലാം വെവ്വേറെ സംഘങ്ങളാണന്നാണ് പോലീസിൻ്റെ വിലയിരുത്തൽ. മാവോയിസ്റ്റ് വേട്ടയിൽ പോലീസിനുണ്ടായ നിർണ്ണായക വഴിത്തിരിവാണ് ഇന്നലത്തെ അറസ്റ്റ്.