പുല്‍പ്പള്ളി: കടമാന്‍തോട് ഡാം പദ്ധതിക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഡാം നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂതല സര്‍വേ നടന്നുകൊണ്ടിരിക്കേയാണ് പ്രതിഷേധം കനക്കുന്നത്.
കടമാന്‍തോട് ഡാം പദ്ധതിക്കെതിരെ വെള്ളിയാഴ്ച പുല്‍പ്പള്ളിയില്‍ മനുഷ്യചങ്ങല സംഘടിപ്പിച്ചിരുന്നു. പദ്ധതി വന്നാല്‍ കുടിയിറങ്ങേണ്ടി വരുന്ന പ്രദേശത്തുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പുല്‍പ്പള്ളിയെ ഇല്ലാതാക്കുന്ന പദ്ധതി വേണ്ടെന്ന വാദവുമായി സേവ് പുല്‍പ്പള്ളി എന്ന കൂട്ടായ്മ രൂപവത്ക്കരിച്ച് സമര പരിപാടികളടക്കം ആസൂത്രണം ചെയ്യുന്നുണ്ട്. രണ്ടാഴ്ച മുമ്പ് പദ്ധതിക്കെതിരെ ഡാം വിരുദ്ധ കര്‍മസമിതിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം പുല്‍പ്പള്ളി ടൗണില്‍ നടത്തിയിരുന്നു. വന്‍ ജനാവലിയാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ഡാം നിര്‍മിച്ചാല്‍ വെള്ളത്തിനടിയിലാകുമെന്നു കരുതുന്ന ആനപ്പാറ, മീനം കൊല്ലി. താഴെയങ്ങാടി പ്രദേശങ്ങളിലെ ആളുകളാണ് പ്രധാനമായും പ്രതിഷേധവുമായി രംഗത്തുള്ളത്. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കാനൊരുങ്ങുന്നതെന്ന ആരോപണമാണ് കര്‍മസമിതി ഉന്നയിക്കുന്നത്. മെയ് മാസത്തില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എ.യുടെയും കളക്ടറുടെയും നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം നടത്തിയെങ്കിലും കാര്യമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നില്ല. പദ്ധതി പ്രദേശത്തെ താമസക്കാരായ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് യോഗത്തില്‍ പദ്ധതിക്കെതിരെ സംസാരിച്ചത്. ഭുരിഭാഗം ആളുകളും പദ്ധതിയുടെ ഭൂതല സര്‍വേക്ക് അനുകുല നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. ഇപ്പോള്‍ ഭൂതല സര്‍വേ ഏറെക്കുറെ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ക നക്കുന്നത്. 28 മീറ്റര്‍ ഉയരം കണക്കാക്കുന്ന ഡാമില്‍ ഒന്നര ടി.എം.സി ജലം സംഭരിക്കാനാണ് പദ്ധതിയെന്നും ഇത് പുല്‍പ്പള്ളിയെ ആകെ വെള്ളത്തിനടിയിലാക്കുമെന്നും പ്രചാരണം നടക്കുന്നുണ്ട്. അതിനിടെ വരള്‍ച്ച കൂടി വരുന്ന സാഹചര്യത്തില്‍ കടമാന്‍തോട് പദ്ധതി നാടിന് അനിവാര്യമാണെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നവരും ഈ മേഖലയിലുണ്ട്. 1.53 ടി എം.സി എന്ന് ജലവിഭവ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. സംഭവം വിവാദമായതോടെ 0.51 ടി എം.സി എന്ന് വെബ് സൈറ്റില്‍ തിരുത്തിയിട്ടുണ്ട്. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലടക്കം വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഭൂതല സര്‍വേ പ്രദേശത്ത് നടത്തിയതോടെയാണ് ആശങ്കയിരട്ടിച്ചത്. ഭൂമി, വസ്തു കച്ചവടമടക്കം എല്ലാ മേഖലയിലും പദ്ധതി പ്രദേശത്തുള്ളവര്‍ അനിശ്ചിതത്വം അനുഭവിക്കുകയാണ്. ഭൂതല സര്‍വ്വേ റിപ്പോര്‍ട്ട് എന്ന് പ്രസിദ്ധീകരിക്കുമെന്നതിലും വ്യക്തയില്ല. പദ്ധതി നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിലെ രഹസ്യ സ്വഭാവം അധികൃതര്‍ ഉപേക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കടമാന്‍തോട് ഡാം പദ്ധതിക്കെതിരെ വെള്ളിയാഴ്ച പുല്‍പ്പള്ളിയില്‍ സംഘടിപ്പിച്ച മനുഷ്യചങ്ങലയുടെ വീഡിയോ ദൃശ്യം കാണാം