ജോലി വാഗ്ദാനം;ലക്ഷങ്ങള്‍ തട്ടി മൂന്ന് പേരെ വിദേശത്ത് ജയിലാക്കിയ തമിഴ്‌നാട് സ്വദേശി പിടിയില്‍

മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷം തട്ടിയെടുക്കുകയും വിസയില്ലാതെ മലേഷ്യയിലേക്ക്് കടത്തിവിട്ടതിനെ തുടര്‍ന്ന്് മൂന്ന് യുവാക്കളെ അവിടുത്തെ ജയിലിലാക്കുകയും ചെയ്ത തമിഴ്‌നാട് സ്വദേശിയെ മീനങ്ങാടി പോലീസ് പിടികൂടി. ഗൂഡല്ലൂര്‍, ഒന്നാംമൈല്‍ അന്‍വര്‍ സാദത്ത്(38)നെയാണ് മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജു ആന്റണിയും സംഘവും അതിവിദഗ്ദമായി പിടികൂടിയത്. തനിക്കെതിരെ കേസെടുത്തതറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന് ഇയാളെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് കസ്റ്റഡിയിടെുത്തത്. മീനങ്ങാടി, അപ്പാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. ഇയാള്‍ ഇത്തരത്തില്‍ പലരെയും മലേഷ്യയിലേക്കും മറ്റും ജോലി വാഗ്ദാനം ചെയ്ത് യാതൊരു രേഖയുമില്ലാതെ കടത്തികൊണ്ട് പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മനുഷ്യകടത്ത് സംഘമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരുകയാണ്.പരാതിക്കാരന്റെ മകനും സുഹൃത്തുക്കളുടെ മക്കള്‍ക്കും ജോലി വാഗ്ദാനം ചെയ്ത് 2023 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി പല തവണകളായി ആറ് ലക്ഷം രൂപയാണ് അന്‍വര്‍ സാദത്ത് വാങ്ങിയെടുത്തത്. തുടര്‍ന്ന്, 25 വയസുള്ള മൂന്ന് യുവാക്കളെയും ഫ്രീ വിസയുള്ള ആഗസ്റ്റ് അഞ്ചില്‍ തായ്‌ലാന്റിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോകുകയും അവിടെനിന്ന്് വിസയില്ലാതെ നിയമവിരുദ്ധമായി കരമാര്‍ഗം മലേഷ്യയിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു. പിന്നീട്, മലേഷ്യന്‍ പോലീസ് ഇവരെ പിടിച്ച്് ജയിലിലാക്കി. 2023 നവംബര്‍ 13-നാണ് ഇത് സംബന്ധിച്ച്് മീനങ്ങാടി പോലീസില്‍ പരാതി ലഭിക്കുന്നത്.സബ് ഇന്‍സ്‌പെക്ടര്‍ സി. രാംകുമാര്‍, സീനിയര്‍ സി.പി.ഒമാരായ ആര്‍. രതീഷ്, കെ.ടി. പ്രവീണ്‍, സി.പി.ഒമാരായ ഭരതന്‍, അര്‍ജുന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *