കൽപ്പറ്റ :ജില്ലയില്‍ നിന്നും ലഭിച്ച പരാതികളും അപേക്ഷകളും നവകേരള സദസ്സ് പ്രത്യേക പോര്‍ട്ടലില്‍ അപ്‌ലോഡു ചെയ്തു തുടങ്ങി. 18823 പരാതികളാണ് ജില്ലയിലെ മൂന്നിടങ്ങളില്‍ നിന്നുമായി ലഭിച്ചത്. കല്‍പ്പറ്റ 7877 പരാതികളും സുല്‍ത്താന്‍ ബത്തേരിയില്‍ 5021 പരാതികളും മാനന്തവാടിയില്‍ 5925 പരാതികളുമാണ് ലഭിച്ചത്. ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട താലൂക്കുകളിലും കളക്ട്രേറ്റിലുമായാണ് സ്‌കാന്‍ ചെയ്ത് പോര്‍ട്ടലില്‍ അപ് ലോഡു ചെയ്യുന്നത്. പരാതികളും അപേക്ഷകളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഓണ്‍ലൈനായി കൈമാറിയാണ് പരിഹാരം കാണുക. ജില്ലാ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന പരാതികള്‍ 30 ദിവസത്തിനകവും സംസ്ഥാന തലത്തില്‍ പരിഹാരം കാണാന്‍ കഴിയുന്ന പരാതികള്‍ 45 ദിവസത്തിനകവും തീര്‍പ്പാക്കണമെന്നാണ് നിര്‍ദ്ദേശം. പരാതിക്കാര്‍ക്ക് പരാതിയുടെ നിജസ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അറിയാം. പരാതിക്കാര്‍ക്ക് ലഭിച്ച് രസീതി നമ്പറോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും.കല്‍പ്പറ്റ നിയോജക മണ്ഡലം പരാതികള്‍ പോര്‍ട്ടലില്‍ അപ് ലോഡു ചെയ്യുന്നതിന് 22 ജീവനക്കാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കി. എത്രയും വേഗത്തില്‍ പരാതി പരിഹാരത്തിനുളള ക്രമീകരണങ്ങളാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിലും പെ#ാതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പരാതിയുമായി എത്തിയ മുഴുവന്‍ പേരുടെയും പരാതികള്‍ വാങ്ങിയാണ് പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.