കല്‍പ്പറ്റ: ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഒരു ജനാധിപത്യരാജ്യത്തില്‍ ഏതുവിധം ക്രിയാത്മകമായി ഇടപെടാന്‍ കഴിയുമെന്നതിന്റെ ലോകത്തിലെ തന്നെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് മുസ്ലിം ലീഗെന്നും ലീഗിന്റെ മതേതര മോഡല്‍ ലോകം ശ്രദ്ധയോടെ വീക്ഷിച്ചു തുടങ്ങിയെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
കല്‍പ്പറ്റയില്‍ വയനാട് ജില്ലാ മുസ്ലിം ലീഗ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ രാഹുല്‍ ഗാന്ധി മുസ്ലിം ലീഗിനെ കുറിച്ച് പറഞ്ഞത് പാര്‍ട്ടിയെയും അതിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തേയും പഠിച്ചാണ്. ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍ ജീവിക്കുന്നിടത്ത് അഭിമാനകരമായ അസ്ഥിത്വം ഉറപ്പാക്കുക എന്ന ചരിത്രദൗത്യമാണ് ലീഗ് നടത്തുന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ച് നവംബര്‍ മാസം ഡല്‍ഹിയില്‍ ദേശീയ സമ്മേളനവും ഖാഇദേ മില്ലത്ത് സെന്റര്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനവും നടത്തും- അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി, സെക്രട്ടറിമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.മമ്മൂട്ടി, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, ജില്ലാ പ്രസിഡന്റ് കെ.ബി നസീമ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ലീഗ് പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് സ്വാഗതവും സെക്രട്ടറി കെ. ഹാരിസ് നന്ദിയും പറഞ്ഞു.