മാലിന്യമുക്തമാവാന്‍ പരിശോധന ഊര്‍ജ്ജിതമാക്കുന്നു

കൽപ്പറ്റ: മാലിന്യമുക്ത നവ കേരളം ക്യാമ്പിയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് കേരള പഞ്ചായത്ത്-മുനിസിപ്പാലിറ്റി നിയമഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരമുള്ള മാലിന്യ സംസ്‌കരണ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും. ജില്ലയെ മുഴുവനായും വലിച്ചെറിയല്‍ മുക്തമാക്കുക, എല്ലായിടങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌കരണം നടപ്പാക്കുക, മാലിന്യ സംസ്‌ക്കരണവുമായി ബഡപ്പെട്ട പിഴ തുക, പിഴ ചുമത്തല്‍ നടപടികള്‍ പരിശോധിക്കല്‍, യൂസർഫീ ശേഖരണം എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന. മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറാതിരിക്കല്‍, യൂസര്‍ഫീ നല്‍കാതിരിക്കല്‍, പരിസരം വൃത്തിയായി സൂക്ഷിക്കാതത് എന്നിവക്ക് 1000 രൂപ മുതല്‍ 10000 വരെ പിഴ ഈടാക്കും. പൊതുസ്ഥലങ്ങള്‍, ജലാശയങ്ങളിലേക്ക് മലിന ജലം ഒഴുകിവിട്ടാല്‍ 5000 രൂപ മുതല്‍ 50000 രൂപ വരെ പിഴ നല്‍കണം. കടകള്‍, വാണിജ്യ സ്ഥാപനങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാല്‍ 5000 രൂപയും ജലാശയങ്ങളില്‍ വിസര്‍ജ്ജന വസ്തുക്കള്‍, മാലിന്യങ്ങള്‍ ഒഴുക്കിയാല്‍ 10000 രൂപ മുതല്‍ 50000 രൂപ വരെയും പിഴ നല്‍കണം. നിയമ വിരുദ്ധമായി വാഹനങ്ങളില്‍ മാലിന്യം കൊണ്ടുപോയാല്‍/പിടിച്ചെടുത്താല്‍ വാഹനം കണ്ടുകെട്ടുക്കയും 5000 രൂപയും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവും ഈടാക്കും. പൊതു-സ്വകാര്യ ഭൂമിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തും. പിഴ തുകകള്‍ക്ക് പുറമെ അതത് വകുപ്പ് പ്രകാരം മറ്റ് നിയമ നടപടികളും ബാധകമാണ്. മാലിന്യ നിക്ഷേപവുമായി ബഡപ്പെട്ട ഏതെങ്കിലും കുറ്റം നടന്നതായി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. മാലിന്യ സംസ്‌കരണ രംഗത്തെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ശക്തമാക്കും. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ-ചട്ട ലംഘനങ്ങള്‍ കണ്ടെത്തല്‍, പരിശോധന നടത്തല്‍, കുറ്റം കണ്ടെത്തല്‍, ഡിസ്പോസിബിള്‍ വസ്തുക്കളുടെ അനധികൃത ഉപയോഗം-വില്‍പന- പിടിച്ചെടുക്കല്‍, പിഴ ഈടാക്കല്‍, നിയമ നടപടി സ്വീകരിക്കലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍. വരുന്ന ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന ഊര്‍ജ്ജിതമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലാ ടീം ലീഡര്‍ എം.പി രാജേന്ദ്രന്‍, ടീം അംഗം ഐജികെടി, തദ്ദേശസ്വയംഭരണ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് എം. ഷാജു, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. റഹിം ഫൈസല്‍, പനമരം ജിഇഒ വി. കമറുന്നിസ, ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് വി.ആര്‍ റിസ്വിക്, ക്ലീന്‍ സിറ്റി മാനേജര്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *