പട്ടികവർഗ്ഗവിഭാഗത്തിലെ 1514 കുടുംബങ്ങൾ ഇരുട്ടിൽ – കെഎസ്ഇബി നീതി പുലർത്തണം: ആം ആദ്മി പാർട്ടി

കൽപ്പറ്റ: വയനാട് ജില്ലയിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ 1514 കുടുംബങ്ങൾ ഒരു വർഷത്തിൽ അധികമായി ഇരുട്ടിൽ ആണെന്ന വാർത്ത ഞെട്ടിക്കുന്നത്. കോടികൾ കുടിശ്ശിക ഉള്ളവർക്ക് ഒരു നിയമവും, അല്ലാത്തവർക്ക് മറ്റൊരു നിയമവും എന്ന നിലപാട് നീതികേട് ആണെന്ന് കൽപ്പറ്റയിൽ വെച്ച് ചേർന്ന ആം ആദ്മി പാർട്ടി വയനാട് ജില്ല കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. വൈദ്യുതി മന്ത്രി നിയമ സഭയിൽ നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നത് നിയമങ്ങൾ സാധാരണക്കാരായ ആളുകൾക്ക് മാത്രം ബാധകമാണ് എന്നതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ഇരുട്ടിലാക്കാൻ കാണിച്ച ആർജ്ജവം കോടികൾ കുടിശ്ശിക ഉള്ളവർക്ക് നേരെ കാണിക്കാത്തത് എന്ത് കൊണ്ടാണ് എന്ന് മന്ത്രി വ്യക്തമാക്കുകയും കെഎസ്ഇബി നീതി പുലർത്തുകയും വേണമെന്ന് ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ.റ്റി ആവശ്യപ്പെട്ടു. ഡൽഹി, പഞ്ചാബ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി സൗജന്യമായി നൽകുമ്പോൾ വൈദ്യുതി ഉല്പാദനം നടത്തുന്ന നമ്മുടെ സംസ്ഥാനത്ത് നിരന്തരമായ നിരക്ക് വർധനവും ഇത്തരം പ്രവണതയും സൂചിപ്പിക്കുന്നത് സർക്കാറിൻ്റെ ഭരണ പരാജയത്തെയാണ്. സംസ്ഥാനത്ത് വൈദ്യുതി സൗജന്യമായി നൽകുകയും, കണക്ഷൻ വിഛേദിച്ച കുടുംബങ്ങൾക്ക് വൈദ്യുതി പുന:സ്ഥാപിക്കുകയും ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ട്രഷറർ മനു മത്തായി, ബാബു തച്ചറോത്, ഗഫൂർ കോട്ടത്തറ, ഷെറിൻ റോയ്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *