പിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിൽ നടക്കുന്ന വ്യാപകമായ അഴിമതിക്കെതിരെ വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെങ്ങപ്പള്ളി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ പണിയെടുക്കാതെ വ്യാജ ഒപ്പിട്ട് വ്യാപകമായി തൊഴിലുറപ്പ് വേതനം കൈപ്പറ്റി. മോണിറ്ററിംഗ് സമിതികൾ ഉൾപ്പെടെ നോക്കുകുത്തികളാക്കി തൊഴിലുറപ്പിൻ്റെ മേറ്റിനെയും ഓവർസീയർ , എന്നിവരെയും ഭീഷണിപ്പെടുത്തിയുമാണ് അഴിമതി നടത്തുന്നത്. 13-ാംവാർഡ് മെമ്പർ ഉൾപ്പെടെ ഇങ്ങനെ ചെയ്തത് ഗ്രാമസഭയിൽ സമ്മതിക്കുകയും, ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് എന്നിവരുടെ സാന്നിധ്യത്തിൻ കൈപ്പറ്റിയ തുക തിരിച്ചടയ്ക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇത് അഴിമതിയുടെ ചെറിയ തെളിവാണ്. ഇന്ന് വരെ പണിയെടുക്കാത്ത ആളുകൾ പരിചയമില്ലാത്ത വാർഡുകളിൽ പണിയെടുത്തതായി രേഖയുണ്ടാക്കി പണം അക്കൗണ്ടിൽ എത്തുമ്പോൾ അവരിൽ നിന്ന് പണം എൽഡിഎഫ് പ്രതിനിധികൾ കൈപ്പറ്റുകയാണ് അഴിമതിയുടെ രീതി. സി. പി എം പ്രവർത്തകർക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്ന തരത്തിലാണ് ഭരണസമിതി കാര്യങ്ങൾ ചെയ്യുന്നത്. ഹരിത കർമ്മസേനയുടെ വെയിസ്റ്റ് ശേഖരിക്കുന്ന ചാക്കിൻ്റെ വിതരണം വരെ ടെൻഡർ വിളിക്കാതെ സി.പി.എം പ്രവർത്തകന് നൽകിയിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയുടെ പേരിൽ പഞ്ചായത്തിലെ എഞ്ചിനീയർക്കും DYFI നേതാവായ ഓവർസീയർക്കും പുറത്താക്കൽ നേരിടേണ്ടി വന്ന സാഹര്യവും വെങ്ങപ്പള്ളിയിൽ ഉണ്ടായിട്ടുണ്ട്. പിന്നീട് വന്ന എഞ്ചിനിയർ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൻ്റെ പേരിൽ ഭരണസമിതിയുടെ സമ്മർദ്ദം കാരണം രാജിവെച്ച് പോകുകയാണ് ഉണ്ടായത്. അഴിമതി നടത്താൻ ഉദ്യോഗസ്ഥരെ സമ്മർദ്ദപ്പെടുത്തി ചെയ്യിക്കുകയും പ്രശ്നമുണ്ടാകുമ്പോൾ ഉദ്യോഗസ്ഥരെ ബലിയാടുക്കുകയും ചെയ്യുന്ന രീതിയാണ് സി പി എം ഭരണസമിതി ചെയ്യുന്നത്. ഇത് നിർത്തിയില്ലെങ്കിൽ ശക്തമായി സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ മുന്നറിയിപ്പ് നൽകി. വേണുഗോപാൽ കീഴ്ശ്ശേരി ,ജോണി ജോൺ, സി.പി പുഷ്പലത, കെ.ടി ശ്രീജിത് , എന്നിവർ മാർച്ചിന് നേതൃത്വം നൽകി.