കടുവയെ തിരുവനന്തപുരത്തിനു കൊണ്ടുപോയി
കല്‍പ്പറ്റ: വയനാട്ടിലെ കേണിച്ചിറ എടക്കാടിനു സമീപം ജൂണ്‍ 23നു കൂട്ടിലായ ആണ്‍ കടുവയെ തിരുവനന്തപുരം സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോയി. ഇതിനാവശ്യമായ ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. സൗത്ത് വയനാട് വനം ഡിവിഷനിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ വളപ്പിലാണ് 10 വയസ് മതിക്കുന്ന കടുവയെ പാര്‍പ്പിച്ചിരുന്നത്.
കേണിച്ചിറ എടക്കാടിലും സമീപങ്ങളിലുമായി നാല് പശുക്കളെ കൊല്ലുകയും ജനങ്ങളില്‍ ഭീതിപരത്തുകയും ചെയ്തതാണ് കടുവ. ഇതിനെ കൂട്ടിലാക്കാന്‍ വനസേന നടത്തിയ പരിശ്രമം വിഫലമായ സാഹചര്യത്തില്‍ മയക്കുവെടിവച്ച് പിടിക്കാന്‍ മുഖ്യ വനപാലകന്‍ ഉത്തരവായിരുന്നു. ടെക്‌നിക്കല്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കടുവയെ കണ്ടെത്തി മയക്കുവെടി പ്രയോഗിക്കുന്നതിനു വനസേന സന്നാഹാം നടത്തുന്നതിനിടെയാണ് കടുവ കൂട്ടിലായത്. മുറിവുകളേറ്റും പല്ലുകള്‍ പൊട്ടിയും അവശനിലയിലായിരുന്നു കടുവ. ദിവസങ്ങള്‍ നീണ്ട പരിചരണം കടുവയുടെ ആരോഗ്യനില മെച്ചപ്പെടുത്തി. വിദഗ്ധ ചികിത്സയ്ക്കാണ് തിരുവനന്തപുരത്തേക്കു മാറ്റിയത്. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍, ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പ്രേം ഷമീര്‍, ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഓഫീസര്‍ പി.പി. സുന്ദരേശന്‍, വാച്ചര്‍ പി.ജെ. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്കു കൊണ്ടുപോയത്.
വയനാട് വന്യജീവി സങ്കേതം അസിസ്റ്റന്റ് വെറ്റിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസ്, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു എന്നിവര്‍ അനുഗമിച്ചു.