ചൂടുവെള്ളത്തില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ച കേസിൽ പിതാവും വൈദ്യനും റിമാന്‍ഡില്‍

ചൂടുവെള്ളത്തില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ച കേസിൽ പിതാവും വൈദ്യനും റിമാന്‍ഡില്‍

പനമരം: ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണു പൊള്ളലേറ്റ മൂന്നു വയസുകാരന്‍ മുഹമ്മദ് അസാന്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പിതാവും വൈദ്യനും റിമാന്‍ഡില്‍. പിതാവ് അഞ്ചുകുന്ന് വെശ്യമ്പത്ത് അല്‍ത്താഫ്(45), ചികിത്സിച്ച നാട്ടുവൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ്(68)എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കും ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരേ കേസ്. പോലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
ജൂണ്‍ ഒന്‍പതിനു ഉച്ചയോടെയാണ് കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റത്. മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ ീഡിയാട്രിക്ക് സര്‍ജന്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ആംബുലന്‍സ് സൗകര്യം വേണ്ടെന്നു എഴുതിക്കൊടുത്ത പിതാവ് കുട്ടിയെ സ്വകാര്യ ആംബുലന്‍സില്‍ കമ്മനയിലെ വൈദ്യന്റെ അടുത്ത് എത്തിക്കുകയാണ് ചെയ്തത്. ഓക്‌സിജന്‍ മാസ്‌കും ഐവി ഫഌയിഡും നീക്കിയശേഷമാണ് കുട്ടിയെ വൈദ്യനെ കാണിച്ചത്. കുട്ടിയെ സുഖപ്പെടുത്താമെന്ന് ഉറപ്പുനല്‍കിയാണ് വൈദ്യന്‍ ചികിത്സ നല്‍കിയത്.
റഫര്‍ ചെയ്ത കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും പിതാവ് തെറ്റിദ്ധരിപ്പിച്ചിരുന്നു. മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നുവെന്നാണ് പിതാവ് അറിയിച്ചത്. നിജസ്ഥിതി മനസിലാക്കിയ പോലീസ് വീട്ടിലുണ്ടായിരുന്ന കുട്ടിയെ ആംബുലന്‍സില്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്നു റഫര്‍ ചെയ്ത കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ 20നാണ് മരിച്ചത്. ആന്തരാവയവങ്ങളെ ബാധിച്ച ന്യുമോണിയയാണ് മരണകാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *