സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പാലക്കാട്‌ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെയും സ്വാധീന ഫലമായാണ് നിലവിലെ മഴ. അതിനിടെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള, ലക്ഷദ്വീപ് കർണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് ചൊവ്വാഴ്ച വരെ വിലക്കേർപ്പെടുത്തി. അതേസമയം, മണ്‍സൂണ്‍ ശക്തമായതോടെ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമായി. വിവിധ സംസ്ഥാനങ്ങളിലായി മരണം 150 കടന്നു. യു.പിയില്‍ വെള്ളപ്പൊക്കത്തിലും മിന്നലിലും 52 പേർ മരിച്ചു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *