പെരുമഴ തുടരും, ഇന്ന് അഞ്ച് ജില്ലകളില്‍ അവധി, മലപ്പുറത്തും ഇടുക്കിയിലും ഭാഗിക അവധി, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടും നല്‍കി. സാഹചര്യം മാറുകയാണെങ്കില്‍ മുന്നറിയിപ്പില്‍ മാറ്റം വന്നേക്കാം. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടല്‍ പ്രക്ഷുബ്ധമാ കാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഭാഗികമായ അവധിയും പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളും പിഎസ്‍സി പരീക്ഷകളും നടക്കും.

കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസർകോട് കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നു. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്ക്, ചിന്നക്കനാല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *