കല്‍പ്പറ്റ: വന്യമൃഗ ആക്രമണത്തില്‍ ജീവഹാനിയും പരിക്കും കൃഷിനാശവും നിത്യസംഭവമായിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലിനു തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദിഖ് എഎല്‍എ പറഞ്ഞു. കര്‍ഷകരും പട്ടികവര്‍ഗക്കാരുമാണ് വന്യജീവി ആക്രമണത്തിന് ഇരകള്‍. മുഖ്യമന്ത്രിയുടെ യോഗത്തിലും മന്ത്രിതല ഉപസമിതിയുടെ സന്ദര്‍ശനവേളയിലും വനം മന്ത്രി വിളിച്ച യോഗങ്ങളിലും നിയമസഭയിലും ആവശ്യപ്പെട്ടിട്ടും വന്യമൃഗ ആക്രമണം തടയുന്നതിന് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് നീതികരിക്കാന്‍ കഴിയില്ല. വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും ജനപ്രതിനിധികളും സംയുക്തമായി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാത്തത് ഗൗരവത്തോടെ കാണണം. മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള ആശ്വാസധനം 25 ലക്ഷം രൂപയാക്കണം. ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ ചികിത്സച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു