കോഴിക്കോട്: കര്‍ണാടകയിലെ അങ്കോളയ്ക്കു സമിപം ഷിരൂരില്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അര്‍ജുൻ (30) വേണ്ടിയുള്ള തിരച്ചിൽ ഇന്നു രാവിലെ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.
കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുൻ മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ വീട്ടിലുള്ളവരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഒരു വശത്ത് കുത്തനെയുള്ള മലയും മറുവശത്ത് ഗംഗാവാലി നദിയുള്ള സ്ഥലത്തായിരുന്നു അപകടം. ഇവിടെ ലോറി ഡ്രൈവർമാർ വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും കുളിക്കുകയും ചെയ്യാറുണ്ടായിരുന്നു.
മേഖലയില്‍ അതിശക്തമായ മഴ പെയ്യുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെ തിരച്ചില്‍ നിര്‍ത്തി വയ്ക്കുകയാണെന്നു. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചതായി അവിടത്തെ കലക്ടർ അറിയിച്ചു.
വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ബെംഗളൂരുവില്‍ നിന്ന് എത്തിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. നേരത്തെ നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.