ബംഗളൂരു: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ ഇനി പുഴ കേന്ദ്രീകരിച്ച്.
തീരത്ത് നിന്ന് 40 മീറ്റർ മാറി പുഴയില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതില്‍ പ്രതീക്ഷ. എട്ടുമീറ്റർ ആഴത്തിലുള്ള വസ്തു ലോറിയാണോ എന്ന് പരിശോധിക്കും. ലോറി മണ്ണില്‍ പുതഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈന്യം അറിയിച്ചു.
വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120 ഉം ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുക. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. അർജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്ന് നാവികസേനയ്ക്കൊപ്പം കരസേനയും ഇന്ന് തെരച്ചിലിനിറങ്ങും.
90 ശതമാനം മണ്ണും നീക്കിയെന്നും കരയില്‍ ട്രക്കില്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെഗൗഡ അറിയിച്ചിരുന്നു. 16ന് രാവിലെയാണ് മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്.