ഉരുൾപൊട്ടലുണ്ടായി 10 നാൾ; പുറംലോകവുമായി ബന്ധപ്പെടാനാവാതെ വിലങ്ങാട്ടുകാര്‍, 4 പാലങ്ങളും റോഡുകളും തകർന്നു

കൽപ്പറ്റ: ഉരുള്‍പൊട്ടൽ നാശം വിതച്ച് പത്ത് ദിവസമാകുമ്പോഴും പുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിലങ്ങാട്ടുകാര്‍. വിലങ്ങനാടിനെ പുറം ലോകവുമായി ബ്വധിപ്പിച്ചിരുന്ന നാല് പാലങ്ങളും പ്രധാന റോഡുകളും തകര്‍ന്നതോടെ ഇവരുടെ ജീവിതം ദുസഹമായിരിക്കുകയാണ്. പാലൂര്‍ റോഡിലെ മുച്ചങ്കയം പാലം, മലയങ്ങാട് പാലം, വയനാട് പാലം, വാളൂക്ക് ഇന്ദിര നഗര്‍ പാലം എല്ലാം ഉരുളിൽ ഒലിച്ചു പോയി. പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായിരുന്ന ഉരുട്ടി പാലത്തിന്‍റെ ഒരുഭാഗവും അപ്രോച്ച് റോഡും തകര്‍ന്നു. വിലങ്ങാട് ടൗണിൽ നിന്ന് വാളൂക്കിലേക്കുള്ള ടൗണ്‍പാലവും മലവെള്ളപ്പാച്ചിലെടുത്തു.

കുറ്റല്ലൂര്‍, പന്നിയേരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന മുച്ചങ്കയം പാലം ഉപയോഗിക്കാൻ പറ്റാതായി. മഞ്ഞക്കുന്നിലെ റോഡ് പൂര്‍ണമായും ഇല്ലാതായി. ഇനി എങ്ങനെ എല്ലാം തിരിച്ച് പിടിക്കുമെന്ന് പ്രദേശവാസികൾ ചോദിക്കുന്നു. ഉരുൾപൊട്ടലിൽ തകർന്നും മണ്ണും പാറയും നിറഞ്ഞും 56 വീടുകള്‍ വാസയോഗ്യമല്ലന്നാണ് കണ്ടെത്തൽ. പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, ആനക്കുഴി എന്നിവിടങ്ങളിലെ വീടുകള്‍ക്കാണ് നഷ്ടം. ഒന്‍പത് വ്യാപാരികള്‍ക്ക് കടകള്‍ നഷ്ടപ്പെട്ടു. 19 പേര്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാത്തത് വ്യാപാര മേഖലയിലും കടുത്ത പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. ഉരുള്‍പൊട്ടൽ തകര്‍ത്ത വിലങ്ങാടിൻ്റെ വീണ്ടെടുപ്പ് ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തെരച്ചിലിന് കഡാവർ നായകളും ഉണ്ടാകും.

ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ. ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *