കുമ്പളായിക്ക് തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കി എം.എല്‍.എ


കല്‍പ്പറ്റ: നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് വിഭാവനം ചെയ്യുന്ന ഉമ്മന്‍ചാണ്ടി ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീട് കൈമാറി. കോട്ടത്തറ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ താമസിക്കുന്ന വൃദ്ധദമ്പതികളായ കുമ്പളായി ഭാര്യ യശോദ എന്നിവര്‍ക്കാണ് ഉമ്മന്‍ചാണ്ടി ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ആദ്യ വീട് കൈമാറിയത്. കഴിഞ്ഞ 15 വര്‍ഷമായി ടാര്‍പ്പായ കൊണ്ട് മറച്ചതും ചോര്‍ന്നൊലിക്കുന്നതുമായ ഷെഡിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ഈ ദയനീയാവസ്ഥ നേരില്‍ കണ്ട എം.എല്‍.എ പുതിയ വീട് നിര്‍മ്മിച്ച് കൊടുക്കാനുള്ള ഉത്തവാദിത്വം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഖത്തര്‍ ഇന്‍കാസുമായി ബന്ധപ്പെട്ട് കൊണ്ടാണ് പ്രസ്തുത വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി ഭവന പദ്ധതിയുടെ ഭാഗമായി സന്തോഷ് ട്രോഫി താരം റാഷിദ് മുണ്ടേരിക്ക് നിര്‍മ്മിക്കുന്ന വീടിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. നേരത്തെ എം.എല്‍.എ മുന്‍കൈ എടുത്ത് റാഷിദിന് വേണ്ടി സ്ഥലം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇന്ന് കോട്ടത്തറയില്‍ നടന്ന താക്കോല്‍ദാന കൈമാറ്റം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് നിര്‍വ്വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ സിസി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റനീഷ് പി.പി, പി.പി ആലി, വിസി അബൂബക്കര്‍, പോള്‍സണ്‍ കൂവക്കല്‍, ബി. സുരേഷ് ബാബു, മാണി ഫ്രാന്‍സീസ്, സികെ ഇബ്രാഹിം, ബേബി പുന്നക്കല്‍, ടി ഇബ്രാഹിം, എം.വി ടോമി, അരുണ്‍ദേവ്, മധു പിഎസ്, പുഷ്പ സുന്ദരന്‍, മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *